നിഹാരിക കെ എസ്|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (10:08 IST)
മലയാള സിനിമയെ മാറ്റിമറിച്ചത് മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ബിഗ് ബി ആണെന്ന് നടന് പൃഥ്വിരാജ്. കന്നഡ സിനിമ കെ.ജി.എഫിനെ കുറിച്ച് സംസാരിക്കവെയാണ് മലയാള സിനിമയിൽ ബിഗ് ബി വെട്ടിയ പുതുവഴിയെ കുറിച്ച് പൃഥ്വിരാജ് അഭിപ്രായം പറഞ്ഞത്. നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ബിഗ് ബിയിൽ നിന്നും കിട്ടിയതെന്ന് പൃഥ്വി പറയുന്നു. ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാള സിനിമയ്ക്ക് ബിഗ് ബി എങ്ങനെയാണോ അതുപോലെ തന്നെയാണ് കന്നഡ ഇന്ഡസ്ട്രിക്ക് കെ.ജി.എഫ്. കാരണം, അതുവരെ നമ്മൾ പഠിച്ചുവെച്ച സകല രീതികളിൽ നിന്നും മാറി ഒരു സിനിമാ എക്സ്പീരിയൻസ് തന്നെയായിരുന്നു ബിഗ് ബി. നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ഈ രണ്ട് സിനിമകളിൽ നിന്നും കിട്ടിയത്. രണ്ട് സിനിമകളെയും മറ്റുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇക്കാരണങ്ങളൊക്കെയാണ്', പൃഥ്വിരാജ് പറയുന്നു.
അതേസമയം, ബിഗ് ബി അതിൻ്റെ സ്റ്റൈലിഷ് മേക്കിംഗ് കാരണം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവുള്ള ചിത്രമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഒരു പുതിയ ശൈലിയിലുള്ള ചലച്ചിത്രനിർമ്മാണവും അവതരിപ്പിച്ചു. മേരി ജോണ് കുരിശിങ്കലും വളർത്തുമക്കളും ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗം 'ബിലാൽ' അമൽ നീരദ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 17 വർഷമായി മലയാളികൾ ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു.