നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 29 മെയ് 2021 (13:12 IST)
വിജയ്, സൂര്യ, രജനികാന്ത്, അജിത്ത്, വിക്രം തുടങ്ങിയ തമിഴ് നടന്‍മാര്‍ക്ക് കേരളത്തില്‍ വലിയ ആരാധകവൃന്ദമുണ്ട്. വിജയ് അടക്കമുള്ള താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങുമ്പോള്‍ കേരളത്തില്‍ മലയാള സിനിമകള്‍ പുറത്തിറക്കുക കുറവാണ്. കാരണം, തമിഴ് ചിത്രങ്ങള്‍ കൂടുതല്‍ തിയറ്ററുകള്‍ സ്വന്തമാക്കുമ്പോള്‍ മലയാളം സിനിമകള്‍ക്ക് പ്രതീക്ഷിക്കുന്ന ഓപ്പണിങ് കിട്ടാറില്ല. എന്നാല്‍, ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷാല്‍ സൂര്യയെ മലര്‍ത്തിയടിച്ച് നിവിന്‍ പോളിയെന്ന യുവതാരം മലയാളികളുടെ ഹൃദയം കീഴടക്കിയത് ഇങ്ങനെയൊരു മേയ് 29 നാണ്.
2015 മേയ് 29 നാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമവും സൂര്യയെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ 'മാസ്' എന്ന ചിത്രവും തിയറ്ററുകളിലെത്തിയത്. എന്നാല്‍, പ്രേമം വന്‍ ഹിറ്റായി. ആദ്യ ദിവസം മുതലേ പ്രേമത്തിനു വന്‍ സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചത്. സൂര്യ ചിത്രത്തിനാകട്ടെ വിചാരിച്ച അത്ര മികച്ച പ്രതികരണം ലഭിച്ചതുമല്ല.