കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (15:00 IST)
പ്രേക്ഷക അഭിപ്രായങ്ങളാണ് സിനിമ തിയറ്ററുകളില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വന്‍ പ്രമോഷനുകളെ പോലും തോല്‍പ്പിക്കുന്നതാണ് മൗത്ത് പബ്ലിസിറ്റി. ആദ്യ ദിനത്തിലെ പ്രേക്ഷക അഭിപ്രായം എന്നത് സിനിമാക്കാരെ സംബന്ധിച്ചിടത്തോളം ഒരു അഗ്‌നിപരീക്ഷയാണ്. ആദ്യദിനത്തില്‍ നല്ല പ്രതികരണങ്ങള്‍ വന്നു തുടങ്ങിയാല്‍ സിനിമ വിജയമായി എന്നുതന്നെ പറയാം. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തെ കാത്തിരിക്കുന്നത് വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ആണ്. പ്രേക്ഷക അഭിപ്രായങ്ങളൂലൂടെ അറിഞ്ഞ് പ്രേമലു കാണാന്‍ എത്തിയവരാണ് കൂടുതല്‍ ആളുകളും. കുഞ്ഞ് സിനിമയുടെ വലിയ വിജയം ആഘോഷിക്കുകയാണ് ഇപ്പോള്‍ സിനിമ ലോകം.
നസ്‌ലെന്‍, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ഫെബ്രുവരി 9നാണ് തിയേറ്ററുകളില്‍ എത്തിയത്.മികച്ച ഓപണിംഗ് സ്വന്തമാക്കിയ ചിത്രം 12 ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.
മികച്ച പ്രേക്ഷകഭിപ്രായം ലഭിച്ച് മുന്നേറുന്ന ഭ്രമയുഗം പോലും പ്രേമലുവിന് ഭീഷണിയായില്ല.ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളില്‍ എത്തിയത്.പ്രേമലുവിന്റെ കളക്ഷനില്‍ ഇടിവൊന്നും നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. രണ്ടാമത്തെ ആഴ്ചയിലെ പ്രവര്‍ത്തി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്.യുകെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ യാഷ് രാജ് ഫിലിംസ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇത് സിനിമയുടെ വിദേശ ഓഫീസിന് ഗുണം ചെയ്യും. ഇവിടങ്ങളില്‍ മികച്ച സ്‌ക്രീന്‍ കൗണ്ടും ലഭിക്കും.