നിഹാരിക കെ.എസ്|
Last Modified വ്യാഴം, 27 മാര്‍ച്ച് 2025 (10:18 IST)
സിനിമയിലും സീരിയലിലും പ്രാധാന്യമുള്ളതും അല്ലാത്തതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് പൂജപ്പുര രാധാകൃഷ്ണൻ. കൂടാതെ നടന്‍ കെ.ബി ഗണേഷ് കുമാറിന്റെ സ്റ്റാഫില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞുവെന്ന് രാധാകൃഷ്ണൻ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി താനുമായി ഒരിക്കൽ പിണങ്ങാനിടയായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂജപ്പുര രാധാകൃഷ്ണൻ. അദ്ദേഹം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകാതിരുന്നതാണ് താൻ മമ്മൂട്ടിയുടെ വിരോധനത്തിന് പാത്രമാകാൻ കാരണമായതെന്ന് രാധാകൃഷ്ണൻ പറയുന്നു. ആരെയും മടുപ്പിക്കാതെയും ആരുടെ വിരോധത്തിന് അടിമപ്പെടാതെയും ഇരുന്നാൽ എല്ലാവരുമായും സൗഹൃദം നിലനിർത്തിക്കൊണ്ട് പോകാം.
'മമ്മൂക്കയുമായി ഒരിക്കൽ ഒരു ചെറിയ വിരോധം ഉണ്ടായിരുന്നു. മമ്മൂക്ക എന്നല്ല ആരായാലും കാര്യം കാര്യം പോലെ പറഞ്ഞാലെ പറ്റൂ. 2012ൽ തന്റെ ഒപ്പം ആദ്യ കാലങ്ങളിൽ അഭിനയിച്ചവർക്ക് മമ്മൂട്ടി ഒരു സൽക്കാരവും ആദരിക്കലും തിരുവനന്തപുരത്ത് നടത്തിയിരുന്നു. ടി.എസ് സുരേഷ് ബാബു വഴിയാണ് എനിക്ക് ക്ഷണം വന്നത്. സത്യമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് വിളിച്ച ആളുകളുടെ പേര് അടക്കം ഞാൻ പറയുന്നത്. സത്യം സത്യം പോലെ പറയുക എന്നതാണല്ലോ.
പരിപാടിയിൽ പങ്കെടുക്കാൻ പോകാൻ ഞാൻ തയ്യാറായി ഇരിക്കുന്ന സമയത്ത് കഷ്ടകാലത്തിന് ആ ദിവസം ഒരു സീരിയൽ വന്നു. ഗംഭരമായി ആ സീരിയൽ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു. സംവിധായകനോട് ഉച്ചയ്ക്ക് മമ്മൂട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോണമെന്ന് പറഞ്ഞ് അനുവാദവും വാങ്ങിയിരുന്നു. പക്ഷെ സീരിയൽ ഷൂട്ട് നീണ്ടുപോയി. ആ സമയത്ത് മമ്മൂക്കയും കെ.ബി ഗണേഷ് കുമാറും ഭയങ്കര സ്നേഹമാണെങ്കിലും ഇടയ്ക്ക് രണ്ടുപേർക്കും ഇടയിൽ ഇഗോ വരും.
ഞാൻ കെ.ബി ഗണേഷ് കുമാറിന്റെ കൂടെയാണെന്നത് മമ്മൂക്കയ്ക്കും അറിയാം. സീരിയൽ ഷൂട്ട് പാതി വഴിക്കിട്ട് ഞാൻ പോയാൽ വൻ നഷ്ടം വരും. കാരണം ചിത്രഞ്ജലിയിലാണ് ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് തന്നെ മമ്മൂക്കയുടെ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. മാത്രമല്ല ഗണേഷ് കുമാർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ് വിളിച്ചിട്ടുമുണ്ടായിരുന്നു. മനപൂർവം മമ്മൂക്കയുടെ പരിപാടി ഞാൻ ഒഴിവാക്കിയിട്ടില്ല. ഞാൻ വന്നില്ലെന്നത് മമ്മൂക്ക നോട്ട് ചെയ്ത് വെച്ചിരുന്നു.
പിന്നീട് അമ്മയുടെ മീറ്റിങിൽ വെച്ച് മമ്മൂക്ക എന്നെ കണ്ടു. മുഖം വീർപ്പിച്ച് ദേഷ്യത്തിലായിരുന്നു അദ്ദേഹം. ഞാൻ തൊഴുതു. പക്ഷെ അദ്ദേഹം മൈന്റ് ചെയ്തില്ല. ഞാൻ വിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസിലാക്കി കൊടുക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങളൊക്കെ വലിയ ആളുകളാണ്. കെ.ബി ഗണേഷ് കുമാർ മന്ത്രിയുടെ ആളുകളല്ലേ. വാക്ക് പറഞ്ഞാൽ പാലിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ... എന്നിങ്ങനെ ഒരുപാടെല്ലാം അദ്ദേഹം എന്നോട് പറഞ്ഞു. ആൾക്കാരുടെ മുമ്പിൽ വെച്ചാണ് പറഞ്ഞത്. അല്ലാതെ ഒളിച്ച് പറയുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല. ക്ഷമിക്കണം മനപൂർവമല്ലെന്ന് ഞാനും പറഞ്ഞു. പക്ഷെ അദ്ദേഹം പൂർണമായും ക്ഷമിച്ചിരുന്നില്ല. മുഖം കണ്ടാൽ അറിയാം' എന്നാണ് സംഭവം വിവരിച്ച് പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞത്.