രേണുക വേണു|
Last Modified വ്യാഴം, 23 ഡിസംബര്‍ 2021 (10:49 IST)
കാട്ടില്‍ നിന്ന് നാട്ടില്‍ ഇറങ്ങുന്ന പുലിയും ആ പുലിയോടുള്ള നാട്ടുകാരുടെ ഏറ്റുമുട്ടലുമാണ് മമ്മൂട്ടി ചിത്രം മൃഗയയുടെ ഇതിവൃത്തം. മൃഗയ റിലീസ് ചെയ്തിട്ട് 32 വര്‍ഷം പിന്നിട്ടു. ഇന്നും മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് മൃഗയയിലെ വാറുണ്ണി.
അതേസമയം, മൃഗയയിലെ പുലി ഒറിജിനല്‍ അല്ലെന്നും ഡമ്മി ആണെന്നും മമ്മൂട്ടി ഡ്യൂപ്പിനെ വെച്ചാണ് അഭിനയിച്ചതെന്നുമുള്ള വാര്‍ത്തകള്‍ ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനിടയില്‍ മമ്മൂട്ടി ഒറിജിനല്‍ പുലിയുമായിട്ടാണ് സംഘട്ടനം നടത്തിയതെന്ന് പറഞ്ഞ് സംവിധായകന്‍ ഐ.വി.ശശിയും രംഗത്തെത്തിയിരുന്നു.
ഇതിനിടയില്‍, ഇതേ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ജയറാം നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി മൃഗയയില്‍ ഏറ്റുമുട്ടിയത് ഒറിജിനല്‍ പുലിയോട് തന്നെയാണെന്ന് ജയറാം പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സംവിധായകന്‍ സിദ്ധിഖ് അവതാരകനായിരുന്ന ഒരു ചാനല്‍ പരിപാടിയിലാണ് ജയറാം മൃഗയയെ കുറിച്ച് പറഞ്ഞത്.
ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം സെറ്റിലെത്തിയ മമ്മൂട്ടി പുലിയെ കാണുന്നു. അനുസരണയുള്ള പുലിയാണെന്നും ഒന്നും ചെയ്യില്ലെന്നും അതിന്റെ പരിശീലകന്‍ പല പ്രാവശ്യം പറയുന്നുണ്ട്. റാണിയെന്നായിരുന്നു പുലിയുടെ പേര്. ഒന്നും ചെയ്യില്ലെന്ന് പരിശീലകന്‍ പറഞ്ഞപ്പോള്‍ ഒന്നു കാണിക്ക് എന്ന് മമ്മൂട്ടി പറഞ്ഞു. അതിനെ ഒന്ന് അഴിച്ച് വിട് എന്ന് പറഞ്ഞ് മമ്മൂട്ടി മാറി നിന്നു. എന്നാല്‍, കൂട്ടില്‍ നിന്നും ഇറങ്ങിയ പുലി അടുത്ത് കെട്ടിയിട്ടിരുന്ന ആടിനെ വകവരുത്തുകയായിരുന്നു. ഇത് കണ്ട മമ്മൂട്ടി താന്‍ ഈ പണിക്കില്ലെന്നും എന്റെ പട്ടി അഭിനയിക്കുമെന്നും പറഞ്ഞ് സ്ഥലം വിട്ടുവെന്നും ജയറാം തമാശ രൂപേണ പറഞ്ഞു.
മനുഷ്യരോട് നന്നായി മെരുങ്ങാത്ത പുലിയെ ആയിരുന്നു മൃഗയയില്‍ കൊണ്ടു വന്നതെന്ന് ഐ.വി.ശശി പറഞ്ഞിരുന്നു. ഇതിനെ സ്ഥിരീകരിച്ചുള്ളതാണ് ജയറാം പറഞ്ഞ വാക്കുകള്‍.