അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ജനുവരി 2024 (20:47 IST)
മലയാളികള്‍ക്ക് എവര്‍ഗ്രീന്‍ ഹിറ്റുകള്‍ ഒട്ടെറെ നല്‍കിയിട്ടുള്ള കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട്. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മുക്കുത്തി മുതല്‍ 2021ല്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ ഒട്ടെറെ സിനിമകളാണ് ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയത്. മരക്കാര്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതിന് ശേഷം ബോക്‌സര്‍,ഓളവും തീരവും എന്നിങ്ങനെ രണ്ട് സിനിമകള്‍ ഇരുവരുടേതുമായി പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഈ രണ്ട് ചിത്രങ്ങളും നടന്നിരുന്നില്ല.
നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബനാണ് മോഹന്‍ലാാലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിന് ശേഷം പൃഥിരാജിനൊപ്പം ചെയ്യുന്ന ലൂസിഫര്‍ അല്ലാതെ മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രങ്ങള്‍ ജോഷി,സത്യന്‍ അന്തിക്കാട്,പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പമാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റി വ്യക്തമാക്കിയത്.
എമ്പുരാന് ശേഷം ജോഷിയ്‌ക്കൊപ്പം റമ്പാന്‍ എന്ന സിനിമയും അതിന് ശേഷം സത്യന്‍ അന്തിക്കാട് ചിത്രവും വരാനുണ്ട്. ഒരു പ്രിയദര്‍ശന്‍ സിനിമയും വരാനുണ്ട്.ജിത്തു ജോസഫ് ചിത്രം റാമും ഉടന്‍ പുറത്തിറങ്ങും.മോഹന്‍ലാല്‍ പറഞ്ഞു. മരക്കാറിന് ശേഷം എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഓളവും തീരവും എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ ചെയ്തിരുന്നു.എന്നാല്‍ ആന്തോളജിയെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല.