'അങ്ങനെയൊരാള്‍ മരിച്ചാല്‍ ഞാന്‍ കരയാതിരിക്കുന്നത് എങ്ങനെ'; മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സംഭവത്തെ കുറിച്ച് മണിയന്‍പിള്ള രാജു

രേണുക വേണു| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (11:59 IST)

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കൊച്ചിന്‍ ഹനീഫ. മലയാള സിനിമാലോകത്തെ സംബന്ധിച്ച് തീരാനഷ്ടമായിരുന്നു ഹനീഫയുടെ വിടപറച്ചില്‍. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം ഹനീഫയുടെ മൃതദേഹത്തിനു മുന്നില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന കാഴ്ച ആരാധകരേയും അന്ന് വേദനിപ്പിച്ചിരുന്നു. കൊച്ചിന്‍ ഹനീഫ മരിച്ച ദിവസം നടന്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രംഗങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ട് താന്‍ അത്രത്തോളം വൈകാരികമായി പ്രതികരിച്ചു എന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു തുറന്നുപറഞ്ഞിട്ടുണ്ട്.

സിനിമയില്‍ അവസരം അന്വേഷിച്ച് നടക്കുന്ന സമയം. ഉമ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്ന് മണിയന്‍പിള്ള രാജു ഓര്‍ക്കുന്നു. തൊട്ടടുത്ത മുറിയില്‍ അന്ന് കൊച്ചിന്‍ ഹനീഫയും ഉണ്ട്. ചന്ദ്രഭവന്‍ എന്ന ഹോട്ടലില്‍ നിന്നാണ് അന്ന് കടം പറഞ്ഞ് ഭക്ഷണം കഴിച്ചിരുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനമാണ് ചന്ദ്രഭവനില്‍ തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്നും മണിയന്‍പിള്ള രാജു പറയുന്നു. കയ്യില്‍ പൈസ കുറവായതിനാല്‍ മൂന്ന് നേരവും ഹോട്ടലില്‍ നിന്ന ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ഹനീഫയുടെ ഭക്ഷണം അഞ്ച് പൊറോട്ടയും ഒരു ബുള്‍സ്ഐയും ആണ്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ഒരുമിച്ചാണ് ഹനീഫ കഴിക്കുക. ഒരിക്കല്‍ ചന്ദ്രഭവന്‍ ഹോട്ടലില്‍ പെയിന്റിങ് എന്തോ നടക്കുകയായിരുന്നു. ആ ഹോട്ടലില്‍ നിന്ന് കടം പറഞ്ഞ് ഭക്ഷണം കഴിക്കല്‍ നടക്കില്ല. അപ്പോള്‍ കൊച്ചിന്‍ ഹനീഫയോട് ഭക്ഷണം കഴിക്കാന്‍ കാശ് തരാമോ എന്ന് ചോദിച്ചു. ഖുര്‍ആനില്‍ നിന്ന് ഒരു പത്ത് രൂപ നോട്ട് എടുത്ത് ഹനീഫ നല്‍കിയെന്ന് മണിയന്‍പിള്ള രാജു പറയുന്നു. ആ പണം കൊണ്ട് ഭക്ഷണം കഴിച്ചു. ഹനീഫ ഉച്ചയ്ക്കും രാത്രിയും അന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടില്ല. എന്താ ഭക്ഷണം കഴിക്കാത്തതെന്ന് രാത്രി ചോദിച്ചപ്പോള്‍ ആകെയുണ്ടായിരുന്ന പത്ത് രൂപയാണ് ഞാന്‍ നിനക്ക് എടുത്തു തന്നതെന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാള്‍ മരിച്ചാല്‍ എങ്ങനെ കരയാതിരിക്കുമെന്ന് മണിയന്‍പിള്ള രാജു ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :