എനിക്ക് ക്യാന്‍സര്‍ വന്നിട്ടു പോലും അവള്‍ തിരിഞ്ഞുനോക്കിയിട്ടില്ല, നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ജീവിതത്തില്‍ ഒന്നിക്കാന്‍ ഒരു സാധ്യതയുമില്ല; ഭാര്യയെ കുറിച്ച് കൊല്ലം തുളസി

രേണുക വേണു| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (15:51 IST)
തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി നടന്‍ കൊല്ലം തുളസി. വിവാഹ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് കൊല്ലം തുളസി പറയുന്നു. താന്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം തന്റെ കാമുകിമാരാണെന്ന ധാരണയായിരുന്നു ഭാര്യയ്ക്ക്. ആ സ്ത്രീയുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു മകളുണ്ടെന്നും കൊല്ലം തുളസി പറയുന്നു.

മകള്‍ ഇപ്പോള്‍ ഓസ്ട്രേലിയയിലാണ്. എഞ്ചിനീയറാണ്. മരുമകന്‍ ഡോക്ടര്‍. അവര്‍ വിദേശത്ത് സെറ്റിലാണ്. മകളുമായി ബന്ധങ്ങളൊന്നും ഇല്ല. അച്ഛനെന്ന നിലയില്‍ മകള്‍ ഇപ്പോള്‍ വിദേശത്താണെന്ന് മാത്രം അറിയാം. മകളെ കാണണമെന്ന അവസ്ഥയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പേജ് താന്‍ കീറിവലിച്ചു കളഞ്ഞെന്നും തുളസി പറയുന്നു.

വിവാഹം കഴിച്ച സ്ത്രീയുമായി ദാമ്പത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെങ്കിലും ജീവിതത്തില്‍ ഒന്നിക്കാന്‍ ഇനി സാധ്യതയില്ലെന്നും കൊല്ലം തുളസി പറഞ്ഞു. എന്നെ വിവാഹം ചെയ്യും മുന്‍പ് അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ച് പോയി. താന്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുമ്പോള്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നപ്പോഴായിരുന്നു അവരെ പരിചയപ്പെട്ടത്. അതൊരു പിഴവായിരുന്നു.

തനിക്ക് ക്യാന്‍സര്‍ വന്നിട്ടു പോലും ഭാര്യ തിരിഞ്ഞുനോക്കിയില്ലെന്ന് തുളസി കുറ്റപ്പെടുത്തി. അന്നെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ വലിയ അനുഭവം വേണ്ടല്ലോ. ഭാര്യയുടെ രണ്ടാം വിവാഹവും എന്റെ ആദ്യ വിവാഹമായിരുന്നു അത്. അച്ഛന്‍ അധ്യാപകനായിരുന്നു, അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തില്‍. അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ കീമോ എടുത്ത് കിടക്കുന്ന സമയത്താണ് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നത്. ഒരിക്കല്‍ തിരിച്ച് വന്നപ്പോള്‍ വരേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇടയ്ക്കിടെ വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. ഇനി വരണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നും ഉള്ള ആളല്ല അത്. മോളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണ് അവളും തന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്നും തുളസി കൂട്ടിച്ചേര്‍ത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :