തൊട്ടതെല്ലാം പൊന്നാക്കുന്ന മമ്മൂട്ടി കമ്പനി; 'കാതല്‍' കാണാന്‍ പ്രേക്ഷകരുടെ തിരക്ക്, ഒരു ഓഫ് ബാറ്റ് സിനിമയ്ക്ക് ഇത്രയും സ്വീകാര്യത കിട്ടുന്നത് അപൂര്‍വ്വം

കാതലിന്റെ ആദ്യ ദിനം ബുക്ക് മൈഷോയില്‍ 33,000 ടിക്കറ്റുകളാണ് വിറ്റത്

രേണുക വേണു| Last Modified ശനി, 25 നവം‌ബര്‍ 2023 (10:01 IST)

മലയാളത്തിലെ മിനിമം ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസായി 'മമ്മൂട്ടി കമ്പനി' മാറി കഴിഞ്ഞു. ബോക്‌സ്ഓഫീസിലും പ്രമേയങ്ങളിലെ പുതുമ കൊണ്ടും മലയാളത്തില്‍ ചരിത്രമാകുകയാണ് നടന്‍ മമ്മൂട്ടിയുടെ നിര്‍മാണ കമ്പനി. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍' ആണ് മമ്മൂട്ടി കമ്പനിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒരു ഓഫ് ബീറ്റ് ചിത്രം ആയിട്ട് കൂടി തിയറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് കാതല്‍ പ്രദര്‍ശനം തുടരുന്നത്. മമ്മൂട്ടി തന്റെ ശമ്പളം പോലും ഒഴിവാക്കിയാണ് കാതല്‍ എന്ന സിനിമ നിര്‍മിച്ചത്. ഒരു നല്ല സിനിമ പിറക്കുമെങ്കില്‍ അതിനു വേണ്ടി തന്റെ ശമ്പളത്തില്‍ അടക്കം വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് മമ്മൂട്ടി പറയുന്നത്.

റിലീസ് ചെയ്ത് ആദ്യ രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോള്‍ കാതല്‍ ബോക്‌സ്ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. വളരെ സ്ലോ പേസിലുള്ള ചിത്രമായിട്ട് കൂടി കാതലിന്റെ പ്രമേയമാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് അടുപ്പിക്കുന്നത്. ആദ്യ ദിനം ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനു കഴിഞ്ഞു. ഓഫ് ബീറ്റ് ചിത്രങ്ങള്‍ക്ക് ആദ്യദിനം കിട്ടുന്ന മികച്ച കളക്ഷനാണ് ഇത്. മമ്മൂട്ടി കമ്പനിയുടെ തന്നെ നന്‍പകല്‍ നേരത്ത് മയക്കത്തിനും ഇതുപോലെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

കാതലിന്റെ ആദ്യ ദിനം ബുക്ക് മൈഷോയില്‍ 33,000 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഇത് 44,000 ആയി ഉയര്‍ന്നു. സിനിമയുടെ പ്രമേയം പ്രേക്ഷകരെ സ്വാധീനിച്ചു എന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍. വരും ദിവസങ്ങളിലും ചിത്രത്തിനു പ്രേക്ഷകര്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. ടര്‍ബോയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി കമ്പനി ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :