ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (15:51 IST)
താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പുനരവതരിപ്പിക്കണമെന്ന് ആഗ്രഹം തോന്നിയവ ‘തൃഷ്ണ’യിലെ കൃഷ്ണദാസും, അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെ സഖറിയയുമാണെന്ന് മമ്മൂട്ടി മുമ്പു പറഞ്ഞിട്ടുണ്ട്. അതില്‍ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലിന്‍റെ റീമേക്കിനാണ് അദ്ദേഹം കൂടുതല്‍ ആഗ്രഹിച്ചിട്ടുള്ളതും ശ്രമിച്ചിട്ടുള്ളതും. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തില്‍ ഏകദേശം തീരുമാനമാകുകയും എന്നാല്‍ പിന്നീട് നടക്കാതെ പോകുകയും ആയിരുന്നു.
സംവിധായകന്‍ രഞ്ജിത് ഈ സിനിമ റീമേക്ക് ചെയ്യട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദ്ദേശം. രഞ്‌ജിത്തും അത് അംഗീകരിച്ചിരുന്നു. ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്ന് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ റീമേക്ക് നിര്‍മ്മിക്കാനും തീരുമാനമായി. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ പ്രൊജക്ട് നടന്നില്ല. എന്നാല്‍ ഇപ്പോഴും അതിനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. മമ്മൂട്ടി, അശോകന്‍, നെടുമുടി വേണു, സുകുമാരി, ഉണ്ണിമേരി, അച്ചന്‍കുഞ്ഞ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്. മമ്മൂട്ടി അവതരിപ്പിച്ച സഖറിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
‘ഡ്രാമാ’യ്ക്ക് ശേഷം രഞ്‌ജിത് സംവിധാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ സംവിധാനത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് അദ്ദേഹം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ റീമേക്കിലൂടെയാണെങ്കില്‍ അതിലും മികച്ച ഒരു രണ്ടാം വരവ് വേറെയുണ്ടാവില്ല എന്നതും വാസ്തവം.