ഞാന്‍ പാട്ട് പാടി, വാണി എഴുന്നേറ്റ് ഓടി; ചിരിപ്പിച്ച് ബാബുരാജ്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (09:21 IST)

വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ വരെ സമ്മാനിച്ച അതുല്യ നടനാണ് ബാബുരാജ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ജോജിയില്‍ ശക്തമായ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ബാബുരാജിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ജോജിയില്‍ ലഭിച്ചത്.

താന്‍ ഒരു വില്ലനോ ഹാസ്യനടനോ മാത്രമല്ല എത്ര ആഴമേറിയ കഥാപാത്രവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് ബാബുരാജ് തെളിയക്കുകയാണ്. യഥാര്‍ഥ ജീവിതത്തില്‍ വളരെ കൂളാണ് ബാബുരാജ്. തമാശകളും പൊട്ടിച്ചിരികളുമായി തനിക്കൊപ്പമുള്ളവരെ പോലും സന്തോഷിപ്പിക്കുന്ന വ്യക്തിത്വം. നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിതപങ്കാളി.

Baburaj and Vani" width="600" />

നല്ലൊരു കുക്കാണെന്ന് കരുതിയാകും വാണി തന്നെ വിവാഹം കഴിച്ചതെന്ന് തമാശരൂപേണ പറയുകയാണ് ബാബുരാജ്. 'വാണിയെ ഞാന്‍ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്‌ളാറ്റിലേക്ക് വന്നപ്പോള്‍ വാണിക്ക് ഞാന്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്. ഒന്നും കിട്ടിയില്ലെങ്കില്‍ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും,' ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.


വാണിയെ സാക്ഷി നിര്‍ത്തി താന്‍ പാട്ട് പാടിയ സംഭവവും ബാബുരാജ് വിവരിച്ചു. "ഞാന്‍ നിര്‍മിച്ച പടമാണ് ഗ്യാങ്. അതിന്റെ സെറ്റിലാണ് സംഭവം. കലാഭവന്‍ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആള്‍ക്കാരാണ്. സെറ്റില്‍ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. അവര്‍ ഒരു പാട്ട് പാടി. അതിന്റെ പല്ലവി ഞാന്‍ പാടാമെന്ന് പറഞ്ഞു. എന്നാല്‍, നീ ഒന്ന് പാട് എന്നായി അവര്‍. ഞാന്‍ പാടിയാല്‍ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാന്‍ പാടിയതും വാണി എഴുന്നേറ്റ് ഓടി," ബാബുരാജ് പൊട്ടിച്ചിരിച്ചു. ''



മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ബാബുരാജിന്റേത്. വാണിയും ബാബുരാജും ഒന്നിച്ച് ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്‍പും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ബാബുരാജ് വില്ലന്‍ വേഷങ്ങള്‍ വിട്ടു പുറത്തുകടക്കുന്നത്. സംവിധായകന്‍ എന്ന നിലയിലും ബാബുരാജ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :