Last Modified തിങ്കള്‍, 29 ജൂലൈ 2019 (13:12 IST)
ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് സാബു സിറിള്‍. അസാമാന്യമായ കഴിവുകള്‍ക്കുടമ. ബാഹുബലി എന്ന ഒറ്റച്ചിത്രം മതി സാബുവിന്‍റെ കഴിവുകള്‍ ലോകമറിയാന്‍. സാബു സിറിള്‍ എന്നെങ്കിലും സംവിധായകനാകുമോ?
അങ്ങനെ ചോദിച്ചാല്‍, കുറച്ചുകാലം മുമ്പ് സാബു സിറിളിന് അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ. നിര്‍മ്മാണം മണിയന്‍പിള്ള രാജു. തിരക്കഥ സുനില്‍ പരമേശ്വരന്‍.
സുനില്‍ പരമേശ്വരന്‍റെ ‘അനന്തഭദ്രം’ എന്ന നോവല്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനായിരുന്നു പരിപാടി. മലയാളത്തിന്‍റെ മിത്തുകളിലൂടെയും വിശ്വാസങ്ങളിലൂടെയുമുള്ള ഒരു യാത്ര. സിനിമ പ്രഖ്യാപിച്ചെങ്കിലും ആരംഭിക്കാന്‍ കുറച്ചേറെ വൈകി.
അപ്പോഴേക്കും മമ്മൂട്ടിക്ക് ഡേറ്റില്ലാതെയായി. സാബു സിറിളും അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലായി. എങ്കിലും മണിയന്‍പിള്ള രാജുവിന് പ്രൊജക്ട് ഉപേക്ഷിക്കാന്‍ വയ്യ. സാബു സിറിളിന് പകരം സന്തോഷ് ശിവന്‍ സംവിധായകച്ചുമതല ഏറ്റെടുത്തു. മമ്മൂട്ടിക്ക് പകരം നായകനായി പൃഥ്വിരാജ് എത്തി.
സാമ്പത്തികമായി വലിയ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളത്തിലെ സുന്ദരമായ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ് അനന്തഭദ്രം.