നിഹാരിക കെ.എസ്|
Last Modified ബുധന്‍, 26 മാര്‍ച്ച് 2025 (10:32 IST)
റിലീസിന് മുമ്പേ മുൻകൂർ ബുക്കിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എമ്പുരാൻ നാല് സിനിമയ്ക്കാണ് പണി കൊടുത്തിരിക്കുന്നത്.
മാർച്ച് 27ന് ആഗോള റിലീസായി സിനിമയെത്തുമ്പോൾ അന്നുതന്നെ റിലീസാകുന്ന ചിയാൻ വിക്രമിന്റെ ‘വീര ധീര ശൂര’ കാണാൻ ആളുണ്ടാകുമോ എന്നാണ് പലരുടെയും സംശയം. രണ്ട് ദിവസം കഴിഞ്ഞ് ഈദ് റിലീസായി 30ന് സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദർ’ ഉം തിയേറ്ററുകളിലെത്തും. എ. ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് യുഎസ്എ പ്രീമിയർ ഷോയിൽ 900 ഷോകളിൽ നിന്നും വെറും 878 ടിക്കറ്റ് മാത്രമാണ് വിറ്റ് പോയത്.
15 വർഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ‘ഡോർ’ മാർച്ച് 28 ന് ആണ് റിലീസ്. ഈ സിനിമയ്ക്കും എമ്പുരാൻ വെല്ലുവിളിയാകും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. തെലുഗു ചിത്രങ്ങളായ നിതിൻ കുമാർ റെഡ്ഢി നായകനാകുന്ന റോബിൻഹുഡ്, നർനി നിതിൻ നായകനാകുന്ന മാഡ് സ്‌ക്വയർ എന്നിവയും മാർച്ച് 28 നാണ് റിലീസാകുന്നത്.