രേണുക വേണു|
Last Modified ശനി, 6 മെയ് 2023 (11:15 IST)
2018 Malayalam Movie: കേരളം ഒന്നടങ്കം വിറങ്ങലിച്ചു നിന്ന വര്‍ഷമാണ് 2018. മഹാപ്രളയത്തിനു മുന്നില്‍ 'ഇനി എന്ത്' എന്ന ചോദ്യവുമായി എല്ലാവരും ഒരു നിമിഷത്തേക്ക് പകച്ചുനിന്നു. എന്നാല്‍ മഹാദുരിതത്തിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ മലയാളി തയ്യാറല്ലായിരുന്നു. അവര്‍ ഒറ്റക്കെട്ടായി അതിനെ നേരിട്ടു. തെക്കും വടക്കും വ്യത്യാസമില്ലാതെ...ഒരു ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ നില്‍ക്കാതെ...!
2018 ലെ മഹാപ്രളയത്തെ സിനിമയാക്കിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. ആദ്യദിനം തന്നെ അതിഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. സെക്കന്റ് ഷോകള്‍ വരെ ഹൗസ്ഫുള്‍ ആയി. തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദുരന്തം സ്‌ക്രീനില്‍ കാണാന്‍ മലയാളികള്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും കൂട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സാങ്കേതികമായി മികച്ചുനില്‍ക്കുമ്പോഴും 2018 ന്റെ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ സിനിമയുടെ തിരക്കഥയ്ക്ക് സാധിച്ചിട്ടില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ഓരോരുത്തരും നായകന്‍മാരാണ് എന്ന ടാഗ് ലൈനില്‍ അവതരിപ്പിക്കുന്ന സിനിമ വ്യക്തി കേന്ദ്രീകൃത ഹീറോയിസങ്ങളിലേക്ക് മാത്രം ഒതുങ്ങിയെന്നാണ് പ്രധാന വിമര്‍ശനം.
2018 ലെ പ്രളയവും ആ മഹാദുരന്തത്തെ മലയാളി നേരിട്ട രീതിയും അടയാളപ്പെടുത്തുമ്പോള്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ചില ഘടകങ്ങള്‍ ഈ ചിത്രത്തില്‍ നിന്ന് മനപ്പൂര്‍വ്വമോ അല്ലാതയോ നഷ്ടമായിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത്. പ്രളയ സമയത്ത് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പതിനായിരത്തിലേറെ ആളുകളുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. പ്രളയ സമയത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സംവിധാനമായിരുന്നു കേരള പൊലീസും ഫയര്‍ ഫോഴ്‌സും. പല സ്ഥലങ്ങളിലും ജീവന്‍ പണയംവെച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ ഇവര്‍ക്കൊന്നും അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം.
രക്ഷാപ്രവര്‍ത്തനത്തിന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മുക്കുവന്‍മാര്‍ തങ്ങളുടെ വഞ്ചികളും ബോട്ടുകളുമായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നത് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള തീരുമാനത്തിന് ശേഷമാണ്. മത്സ്യബന്ധന തൊഴിലാളികളെ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആക്കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും അതനുസരിച്ച് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ചേര്‍ന്ന് ഓരോ പ്രദേശത്തു നിന്ന് ദുരിത ബാധിത മേഖലകളിലേക്ക് മത്സ്യബന്ധന തൊഴിലാളികളെ എത്തിക്കുകയുമായിരുന്നു. തിരുവനന്തപുരത്തെ ലത്തീന്‍ സഭയും അന്ന് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. വലിയ തുറയില്‍ നിന്നുള്ള മുക്കുവന്‍മാരുടെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ സിനിമയിലേക്ക് എത്തുമ്പോള്‍ ഈ വിഭാഗക്കാരെയൊന്നും അടയാളപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്നാണ് ആരോപണം.
ഒരു ഭാഗത്തെ മാത്രം ബാധിച്ച ഒന്നായിട്ടാണ് സിനിമയില്‍ പ്രളയത്തെ അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ അന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് തിരുവനന്തപുരം കോര്‍പറേഷനാണ്. ദേശീയ മാധ്യമങ്ങളില്‍ പോലും അത് വാര്‍ത്തയായിരുന്നു. സിനിമയിലേക്ക് എത്തുമ്പോള്‍ പ്രളയ സമയത്ത് തിരുവനന്തപുരത്തിന് യാതൊരു റോളുമില്ലെന്നാണ് വിമര്‍ശനം. ഒരു നാടിനെ പൂര്‍ണമായി തമസ്‌കരിച്ചിരിക്കുന്നു എന്നാണ് ആരോപണം.