സിറോ മ്യൂസിക് ഫെസ്റ്റിവെല്‍: അപ്താനികളുടെ ഉത്സവം

അരുണാചല്‍പ്രദേശിലെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് സിറോ എന്ന ചെറിയ മനോഹരമായ ഹില്‍സ്റ്റേഷന്‍.

arunachal pradesh, Ziro Festival of Music, Apatani tribe, dree festival അരുണാചല്‍പ്രദേശ്, സിറോ മ്യൂസിക് ഫെസ്റ്റിവെല്‍, അപ്താനി, ഡ്രീ ഫെസ്റ്റിവലല്‍
സജിത്ത്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (12:50 IST)
അരുണാചല്‍പ്രദേശിലെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് സിറോ എന്ന ചെറിയ മനോഹരമായ ഹില്‍സ്റ്റേഷന്‍. നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് പൈന്‍മരതോട്ടങ്ങളോട് പറ്റിചേര്‍ന്ന് കിടക്കുന്ന ഈ നാടിന്റെ മനോഹര സൗന്ദര്യം സഞ്ചാരികളുടെ കണ്ണില്‍ നിന്ന് ഒരിക്കലും മായാത്തതാണ്. ഈ സ്ഥലത്താണ് അരുണാചല്‍പ്രദേശിലെ അപ്താനി എന്ന വര്‍ഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്നത്. അപ്താനി വര്‍ഗക്കാരുടെ കാര്‍ഷിക ഉത്സവമാ‌ണ് ഡ്രീ ഫെസ്റ്റിവല്‍.

പച്ച പുതച്ച് കിടക്കുന്ന ടാലി താഴ്വരയാണ് സിറോ പ്രധാന കാഴ്ച. സിറോ പുതു മലനിരകളും ടരിന്‍ മല്‍സ്യ ഫാമും കര്‍ദോയിലെ കൂറ്റന്‍ ശിവലിംഗവുമാണ് മറ്റു പ്രധാന കാഴ്ചകള്‍‍. പരമ്പരാഗത ഗോത്ര തനിമ പകര്‍ന്നുനല്‍കുന്ന തരത്തിലുള്ള ഉല്‍സവങ്ങളും ഇവിടെ അരങ്ങേറാറുണ്ട്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് അപ്താനി വിഭാഗക്കാരുടെ മയോക്കോ ഉല്‍സവം നടക്കുക. ജനുവരിയില്‍ നടക്കുന്ന മുരുംഗ് ഉല്‍സവവും ജൂലൈയില്‍ നടക്കുന്ന ഡ്രീം ഉല്‍സവവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

സിറോയില്‍ വച്ചാണ് ഡ്രീ ഉത്സവം നടക്കുക. ഇതോടനുബന്ധിച്ച് ഒരു മ്യൂസിക് ഫെസ്റ്റും നടത്താറുണ്ട്. സിറോ മ്യൂസിക് ഫെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുക. 2012ലാണ് സിറോ മ്യൂസിക് ഫെസ്റ്റിവെല്‍ ആരംഭിച്ചത്. എല്ലാ വര്‍ഷവും സെപ്റ്റം‌ബര്‍ 22 മുതല്‍ 25 വരെയാണ് ഈ മ്യൂസിക് ഫെസ്റ്റ് നടക്കുക. നിരവധി സംഗീതാസ്വാദകരും വിദേശത്തും സ്വദേശത്തുമായുള്ള സഞ്ചാരികളുമെല്ലാം ഈ ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്താറുണ്ട്. നാടന്‍പാട്ടുകള്‍, പരമ്പരാഗത നൃത്തങ്ങള്‍ മറ്റു സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയെല്ലാം ഈ ഉത്സവങ്ങളില്‍ ഉണ്ടാകാറുണ്ട്.

നെല്ലാണ് അപ്താനികളുടെ പ്രധാന കൃഷി. അതുകൊണ്ട് തന്നെ അ‌രിഭക്ഷണമാണ് അവരുടെ പ്രധാന ഭക്ഷണം.
മറ്റുള്ള ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ വയല്‍നിലങ്ങളിലാണ് അവര്‍ കൃഷി ചെയ്യുന്നത്. അതുപോലെ അപ്താനികളായുള്ള സ്ത്രീകളുടെ മൂക്കുകുത്തിക്കും വളരെ പ്രത്യേകതയുണ്ട്. സുന്ദരികളായ അപ്താനി സ്ത്രീകളെ മറ്റു ഗോത്രത്തിലുള്ളവര്‍ കട്ടുകൊണ്ടുപോകാറുണ്ടെന്നും അതിനാല്‍ സ്ത്രീകളെ തിരിച്ചറിയാനാണ് പ്രത്യേക രീതിയിലുള്ള മൂക്കുത്തി പോലെയുള്ള അടയാള ആഭരണങ്ങള്‍ ധരിപ്പിക്കുന്നത്. മരിച്ച് ആളുടെ കുഴിമാടത്തിന് മുകളില്‍ മൃഗങ്ങളുടെ തലയെടുത്ത് വയ്ക്കുന്നതും അവരുടെ ആചാരങ്ങളില്‍ പ്രധാനമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :