ജോണ്‍ കെ ഏലിയാസ്|
Last Modified ശനി, 12 നവംബര്‍ 2016 (15:32 IST)
500 രൂപ,
1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യേണ്ടതുതന്നെ. ഒരു ഇച്ഛാശക്തിയുള്ള നേതാവിന്‍റെ നട്ടെല്ലുള്ള തീരുമാനം. കള്ളപ്പണം കൈയില്‍ വച്ചുകൊണ്ടിരിക്കുന്നവര്‍ പ്രതിസന്ധിയിലാകുകതന്നെ ചെയ്യും. ഇതിനോടകം തന്നെ പ്രതിസന്ധിയിലായിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ കാര്യമോ? കള്ളപ്പണക്കാരെ കുടുക്കാന്‍ ചെയ്തത് പാവപ്പെട്ടവര്‍ക്ക് മുഖമടച്ചുള്ള അടിയായി മാറി!
രാജ്യമാകെ ജനങ്ങള്‍ ക്യൂവിലാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ ക്യൂ നില്‍ക്കുകയല്ല അവര്‍. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മാറിക്കിട്ടാനോ നിക്ഷേപിക്കാനോ നില്‍ക്കുകയാണ്. മിക്കവരും ഓഫീസുകളില്‍ നിന്ന് ലീവെടുത്താണ് ക്യൂവില്‍ നില്‍ക്കുന്നത്. കൂലിപ്പണിക്കാര്‍ അത് വേണ്ടെന്നുവച്ചിട്ടാണ് ബാങ്കിനുമുന്നില്‍ പൊരിവെയില്‍ കൊള്ളുന്നത്.
വളരെക്കുറച്ച് സംശയങ്ങളേയുള്ളൂ സാധാരണക്കാര്‍ക്ക്. തങ്ങളുടെ സമയത്തിന്‍റെ വില ആരുതരും? തങ്ങള്‍ കഷ്ടപ്പെടുന്നതിന്‍റെ വില ആരുതരും? രാജ്യത്തിന്‍റെ നന്‍മയ്ക്ക് വേണ്ടിയാണെന്നുള്ളതിന് ശരിതന്നെ. പക്ഷേ അന്തമില്ലാത്ത ക്യൂവില്‍ നിന്ന് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നവരോട് എന്ത് സമാധാനം പറയും? എ ടി എമ്മുകള്‍ക്ക് മുന്നില്‍ കുറച്ച് നൂറുരൂപയ്ക്ക് വേണ്ടി തമ്മില്‍ത്തല്ലി പരുക്കേല്‍ക്കുന്നവരോട് എന്തുപറയും?
ജനങ്ങള്‍ കുറച്ച് ക്ഷമ കാണിക്കുമെന്നാണ് സര്‍ക്കാരും അധികൃതരും പറയുന്നത്. ക്ഷമ കാണിക്കാം. എത്രദിവസം ക്ഷമ കാണിക്കണം? ഒരു ദിവസം? രണ്ടുദിവസം? ഒരാഴ്ച? ഒരുമാസം? മറുപടി നല്‍കേണ്ട ഉത്തരവാദിത്തം കൂടി അധികൃതര്‍ക്കുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഒരു നേരത്തെ ആഹാരത്തിന് കൈയില്‍ പണമില്ലാതെ വഴിയോരത്ത് കിടക്കുന്നവര്‍ എത്രസമയം ക്ഷമ കാണിക്കണം സര്‍?
കച്ചവടം നടന്നില്ലെങ്കില്‍ ചീഞ്ഞുപോകുന്ന മീനുമായി അലമുറയിട്ട് കരയുന്ന പാവപ്പെട്ട മീന്‍കച്ചവടക്കാര്‍ എത്രസമയം ക്ഷമ കാണിക്കണം? പച്ചക്കറിക്കച്ചവടക്കാരും പഴക്കച്ചവടക്കാരും എത്ര ക്ഷമ കാണിക്കണം? അവരുടെയൊക്കെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടിട്ട് എത്ര കള്ളപ്പണ ഭീമന്‍മാരെ പിടിക്കാന്‍ കഴിയുന്നുണ്ട് എന്നെങ്കിലും വ്യക്തമാക്കണ്ടേ?
കുറച്ച് കള്ളന്‍മാരെ ശിക്ഷിക്കാന്‍ വേണ്ടി സര്‍വ്വജനങ്ങളെയും ചാട്ടയ്ക്ക് അടിക്കാന്‍ വിധിച്ചതുപോലെയാണ് ഇപ്പോള്‍ സാധാരണ ജനങ്ങളുടെ സ്ഥിതി. എന്നിതിന് ഒരു മാറ്റമുണ്ടാകും? എല്ലാ ഉത്തരങ്ങളും സാധാരണക്കാരന്‍റെ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരിക്കുമെന്ന് കരുതട്ടെ.