ഒറ്റമുറിയില്‍ നിന്ന് കോടീശ്വരനിലേക്ക്; വാര്‍ധക്യം അകലാന്‍ ചെറിയ പെണ്‍കുട്ടികളുമായി ബന്ധം - ശരവണഭവന്‍ രാജഗോപാലിന്റെ ജീവിതം ഇങ്ങനെ!

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ പുന്നൈയാടിയിലാണ് രാജഗോപാല്‍ ജനിച്ചത്.

Last Updated: വ്യാഴം, 18 ജൂലൈ 2019 (16:36 IST)
ജ്യോതിഷത്തില്‍ മാത്രം വിശ്വസിച്ച് ചെറിയ തോതില്‍ ആരംഭിച്ച ബിസിനസ് വന്‍ സാമ്രാജ്യമാക്കി മാറ്റിയ കഥയാണ് ശരവണ ഭവൻ എന്ന ഭക്ഷ്യ ശൃംഗലയുടെ ഉടമ പി രാജഗോപാലിന്റേത്. ജ്യോതിഷത്തിൽ എത്ര അന്ധമായി വിശ്വസിക്കാൻ പാടുണ്ടോ എന്ന ചോദ്യം എല്ലാവരും ചോദിച്ചു പോകും അദ്ദേഹത്തിന്റെ ജീവിതകഥ കേട്ടുകഴിഞ്ഞാൽ. ജ്യോതിഷവും സ്ത്രീകളോടുള്ള ഭ്രമവുമാണ് ഇദ്ദേഹത്തെ അഴിക്കുള്ളിലാക്കിയതും. ജോത്സ്യന്‍ പറഞ്ഞതനുസരിച്ച് ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണ് രാജഗോപാലിനെതിരായ കുറ്റം.


തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ പുന്നൈയാടിയിലാണ് രാജഗോപാല്‍ ജനിച്ചത്. 1947ല്‍ ഒരു ദരിദ്ര്യ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവെന്ന് മാത്രമാണ് ഇയാളെക്കുറിച്ച് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്ളികൃഷിയായിരുന്നു ഇയാളുടെ കുടുംബത്തിനെന്നും ചിലയിടങ്ങളില്‍ പറയുന്നു. 1972ലായിരുന്നു രാജഗോപാലിന്റെ ആദ്യ വിവാഹം. 1973ല്‍ ചെന്നൈയിലെത്തിയ ഇയാള്‍ കെ കെ നഗറില്‍ ഒരു പലചരക്കു കടയിലാണ് തന്റെ ജീവിതം കെട്ടിപ്പടുത്തത്.പിന്നീട് കെ കെ നഗറില്‍ തന്നെ 1981ല്‍ ഒരു സസ്യാഹാര ഹോട്ടല്‍ ആരംഭിച്ചു. മൈലാപ്പൂര്‍ ബ്രാഹ്മണര്‍ മാത്രം കൈവശം വച്ചിരുന്ന സസ്യാഹാര വിപണന മേഖലയിലേക്ക് കീഴ്ജാതിയായ നാടാര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ എത്തിയത് അക്കാലത്ത് വലിയ വിപ്ലവം തന്നെയായിരുന്നു. തീ ഉപയോഗിക്കുന്ന മേഖലയിലേക്ക് ബിസിനസ് മാറ്റാന്‍ അന്ന് അയാളെ ഉപദേശിച്ചത് ജ്യോതിഷിയാണ്. ജ്യോതിഷിയെ മാത്രം വിശ്വസിച്ച് ഹോട്ടല്‍ ബിസിനസിലേക്കിറങ്ങിയ അയാള്‍ക്ക് പിഴച്ചില്ല. കാമാച്ചി ഭവന്‍ എന്ന ചെറിയ ഹോട്ടല്‍ ഏറ്റെടുത്ത് രണ്ടാമത്തെ മകനായ ശരവണന്റെ പേരില്‍ നടത്താനാണ് അയാള്‍ തീരുമാനിച്ചത്.


ആദ്യമൊക്കെ നഷ്ടത്തിലായിരുന്നെങ്കിലും ഉന്നത ഗുണനിലവാരവും കുറഞ്ഞ വിലയും മൂലം സാവകാശം ഭക്ഷണപ്രിയരുടെ ശ്രദ്ധയാകര്‍ശിക്കാന്‍ ശരവണഭവന് സാധിച്ചു. മാന്യമായ വേതനം ലഭിച്ചതോടെ ജീവനക്കാരും രാജഗോപാലിന് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പണിയെടുത്തു. പതിയെ സ്ഥാപനം പച്ചപിടിച്ചെന്ന് പറയാം. രുചിയും വൃത്തിയും സ്ഥാപനത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. വെളിച്ചെണ്ണയിലാണ് പാചകം ചെയ്യുന്നത്. ഫ്രിഡ്ജ് ഇല്ല, അതുകൊണ്ട് തന്നെ പഴകിയ ഭക്ഷണവും ഇല്ല. ഇഡ്ഡലിയും മസാലദോശയുമായിരുന്നു ശരവണ ഭവനിലെ ഹൈലൈറ്റ്. രാജ്യമൊട്ടാകെ മുപ്പത് ബ്രാഞ്ചുകളും വിദേശത്ത് 47 ബ്രാഞ്ചുകളും ഇന്ന് ശരവണഭവനുണ്ട്. എല്ലാം ജ്യോതിഷത്തിന്റെ കഴിവായാണ് രാജഗോപാല്‍ കരുതിയിരുന്നത്. അതിനാല്‍ തന്നെ ജ്യോതിഷി പറയുന്നതിന് അപ്പുറത്തേക്ക് അയാള്‍ക്കൊന്നുമില്ലായിരുന്നു.നേരത്തെ പറഞ്ഞതുപോലെ ജീവനക്കാര്‍ക്ക് അയാളെന്നും മികച്ച പ്രതിഫലമാണ് നല്‍കിയത്. ആരോഗ്യ ഇന്‍ഷുറന്‍സും വീട് നിര്‍മ്മാണത്തിന് സഹായവും നല്‍കിയും ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹം നടത്തിക്കൊടുത്തുമെല്ലാം രാജഗോപാല്‍ അവരുടെ പ്രിയപ്പെട്ട അണ്ണാച്ചിയായി. 1994ല്‍ രാജഗോപാല്‍ തന്റെ ഒരു ജീവനക്കാരന്റെ മകളെ രണ്ടാം ഭാര്യയാക്കി. ജ്യോതിഷിയുടെ ഉപദേശ പ്രകാരമായിരുന്നു ഇത്. ജ്യോതിഷി പറഞ്ഞതുപോലെ ലാഭം കൂടുകയും ഹോട്ടല്‍ ശൃംഖല വലുതാകുകയും ചെയ്തു. വിവാഹം കഴിക്കുന്നതോടെ ബിസിനസും വിപുലമാകുമെന്ന് കണ്ടതോടെ ഒരു മൂന്നാം വിവാഹത്തെക്കുറിച്ചായി ഇയാളുടെ ചിന്ത. ജ്യോതിഷിയുടെ ഉപദേശ പ്രകാരം തന്നെ 1999ല്‍ മറ്റൊരു ജീവനക്കാരനായ രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ശരവണഭവന്റെ ചെന്നൈ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്നു രാമസ്വാമി. എന്നാൽ ജീവജ്യോതിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ട്യൂഷന്‍ മാസ്റ്റര്‍ പ്രിന്‍സ് ശാന്തകുമാറുമായി അവള്‍ പ്രണയത്തിലായിരുന്നു. രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ ഇരുവരും ഒളിച്ചോടുകയായിരുന്നു. എന്നാല്‍ അയാല്‍ വിടാന്‍ തയ്യാറായില്ല. പിന്നാലെ ചെന്ന് സ്വര്‍ണവും പണവും വസ്ത്രങ്ങളുമെല്ലാം നല്‍കി പ്രലോഭിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കൂടെപ്പോകാന്‍ ജീവജ്യോതി തയ്യാറായില്ല. അനുനയിപ്പിക്കാനായി ഒരു ലക്ഷം രൂപ ചെറിയ കട തുടങ്ങാന്‍ നവദമ്പതികള്‍ക്ക് നല്‍കി. അവര്‍ അത് വാങ്ങുകയും ചെയ്തു. എന്നാല്‍ രാജഗോപാലിന്റെ ഭാര്യ ആകാനുള്ള വാഗ്ദാനങ്ങള്‍ ജീവജ്യോതി ഇത്തവണയും തള്ളി.

അതോടെ രാജഗോപാലിന്റെ പക വളര്‍ന്നു. ജീവജ്യോതിയെ ഉപേക്ഷിക്കാന്‍ പറഞ്ഞ് പ്രിന്‍സ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അതോടെ ഈ ദമ്പതികള്‍ വീണ്ടും ഒളിച്ചോടി. രാജഗോപാലിന്റെ ഗുണ്ടകള്‍ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ബ്രാഞ്ച് മാനേജര്‍ ദാനിയേല്‍ നയിച്ച അഞ്ചംഗ സംഘം ഒടുവില്‍ അവരെ പിടികൂടി. ഇരുവരെയും ശരവണ ഭവന്റെ ഗോഡൗണിലടച്ചു. അവിടെ വച്ച് രാജഗോപാല്‍ ശാന്തകുമാറിനെ മര്‍ദ്ദിച്ചു. ഒടുവില്‍ വിവാഹത്തിന് തയ്യാറാണെന്ന് നുണ പറഞ്ഞ് ജീവജ്യോതി ശാന്തകുമാറിനെയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ രാജഗോപാലിന്റെ സംഘം വീണ്ടും ഇരുവരെയും പിടികൂടി.

ശാന്തകുമാറിനെ കൊല്ലാന്‍ അഞ്ച് ലക്ഷം രൂപയാണ് രാജഗോപാല്‍ ദാനിയേലിന് നല്‍കിയത്. ഇതില്‍ നിന്നും അയ്യായിരം രൂപ ശാന്തുകുമാറിന് നല്‍കിയ ദാനിയേല്‍ അയാളോട് മുംബൈയിലേക്ക് രക്ഷപ്പെടാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ജീവജ്യോതി ശാന്തകുമാറിനെ മടക്കിവിളിച്ചു. ജീവജ്യോതിയെയും കുടുംബത്തെയും ബാധിച്ച ദുര്‍ഭൂതത്തെ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് 2001 സെപ്തംബറില്‍ ഇവരെ രാജഗോപാല്‍ ദൂരെയുള്ള ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം കഴിഞ്ഞ് ദാനിയേല്‍ ശാന്തകുമാറിനെ കാറില്‍ കയറ്റി എവിടേക്കോ കൊണ്ടുപോയെന്നാണ് പിന്നീട് ജീവജ്യോതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഒടുവില്‍ 2001 ഒക്ടോബര്‍ 3ന് കൊടൈക്കനാലില്‍ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തി. കഴുത്തു ഞെരിച്ചാണ് ശാന്തകുമാറിനെ കൊലപ്പെടുത്തിയത്.

ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയെന്നാണ് ജീവജ്യോതിയെ അറിയിച്ചത്. അതേസമയം ജ്യോതിഷിയുടെ ഉപദേശപ്രകാരം ജീവജ്യോതിയില്‍ വിധവാ പൂജ നടത്തിയത് അവള്‍ക്ക് സംശമുണ്ടാക്കി. അങ്ങനെയാണ് അവള്‍ പോലീസില്‍ പരാതി നല്‍കിയത്. അങ്ങനെയാണ് കൊടൈക്കനാലില്‍ കണ്ടെത്തിയ അജ്ഞാത ജഡം ആരുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ദാനിയേലും സംഘവും ആദ്യവും രാജഗോപാല്‍ പിന്നീടും കീഴടങ്ങി. കോടതി ശിക്ഷിച്ചെങ്കിലും ഏതാനും മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. ജയിലില്‍ സ്വന്തം ഹോട്ടലിലെ ഭക്ഷണം ലഭിക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തതായി രാജഗോപാല്‍ പറഞ്ഞിട്ടുണ്ട്.

ജീവജ്യോതിയ്ക്ക് പണം കൊടുത്ത് കേസൊതുക്കാനും ശ്രമമുണ്ടായി. ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യം ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്ത രാജഗോപാല്‍ പിന്നീട് തുക കൂട്ടി. ജീവജ്യോതി അതില്‍ വഴങ്ങാതായപ്പോള്‍ ഭീഷണിയും അനുനയവുമുണ്ടായി. എന്നാല്‍ ജീവജ്യോതിയുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി രാജഗോപാല്‍ ജീവപര്യന്തം അനുഭവിക്കണമെന്ന് സുപ്രിംകോടതി വിധിച്ചു.

രാജഗോപാല്‍ കൊലക്കേസില്‍പ്പെട്ട് അകത്തുകിടക്കുമ്പോഴും ശരവണ ഭവന്‍ ബിസിനസില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ആ സാമ്രാജ്യം ഇനിയൊരിക്കലും തകരില്ലെന്നും ഉറപ്പാണ്. കാരണം ആ രുചിക്കൂട്ട് ഭക്ഷണപ്രേമികളുടെ നാവിനെ അത്രമാത്രം സ്വാധീനിച്ചു കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :