മൂന്നുമാസം പ്രായമായ മകളെ വിറ്റു, ആ പണംകൊണ്ട് ബൈക്കും മൊബൈൽഫോണും വാങ്ങി അച്ഛൻ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 30 ഓഗസ്റ്റ് 2020 (13:02 IST)
ബംഗളൂരു: മൂന്ന് മാസം മാത്രം പ്രായമായ മകളെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ് അച്ഛൻ.
ബംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ചിന്താമണി താലൂക്കിലെ തിനക്കല്‍ ഗ്രാമത്തിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത
ദമ്പതികൾക്കാണ് പിതാവ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ പൊലീസും ശിശുക്ഷേമ വകുപ്പും ചേർന്ന് തിരികെയെത്തിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പിതാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രണ്ടാം വിവാഹത്തിലുള്ള കുഞ്ഞിനെയാണ് പിതാവ് വിറ്റത്. ആഡംബര ജീവിതം നയിക്കുന്നതിനായാണ് ഇയാൾ കുഞ്ഞിനെ വിറ്റത് എന്ന് പ്രദേശവാസികൾ പറയുന്നു. കുഞ്ഞിനെ വിറ്റ പണത്തിൽനിന്നും 50,000 രൂപയുടെ പുതിയ ബൈക്കും, 15,000 രൂപയുടെ ഫോണും ഇയാൾ വാങ്ങി. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിനെ വില്‍ക്കാനുള്ള പദ്ധതികള്‍ മാതാപിതാക്കള്‍ ആരംഭിച്ചിരുന്നു എന്നാല്‍ ആശുപത്രി അധികൃ‌തര്‍ ജാഗ്രത പുലര്‍ത്തിയിരുന്നതിനാല്‍ അവിടെ വച്ച്‌ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

പിന്നീട് ഒരു ഇടനിലക്കാരൻ വഴിയാണ് അടുത്ത ഗ്രാമത്തിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാനുള്ള നീക്കം ആരംഭിച്ചത്. വൻ തോതിൽ പ്രതി പണം ചിലവാക്കുന്നത് കണ്ട് പ്രദേശവാസികൾക്ക് സംശയം തോന്നിയിരുന്നു. കുഞ്ഞ് ഇവരുടെ കൂടെയില്ല എന്ന് വ്യക്തമായതോടെ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിയ്ക്കുകയായിരുന്നു. ഭർത്താവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ കൈമാറാൻ തയ്യാറായത് എന്നാണ് കുഞ്ഞിന്റെ അമ്മയുടെ മൊഴി. കുഞ്ഞിനെ തിരികെ നൽകണം എന്നും ഇവർ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :