ഭാര്യയുമായി വഴക്ക്, ഒരു വയസുകാരിയായ മകളെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 26 ജൂലൈ 2020 (15:44 IST)
ന്യൂഡല്‍ഹി: ഭാര്യയുമായുള്ള വഴക്കിമിടെ 13 മാസം മാത്രം പ്രായമായ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. ജൂലൈ 23ന് നോയിഡയിലെ സെക്ടർ 22 ലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഭാര്യയും ഭർത്താവും തമ്മിള്ള വഴക്ക് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിയ്ക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് 28 കാരനായ ജംഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നോയിഡയിലെ സെക്ടര്‍ 22ലാണ് ബിഹാര്‍ സ്വദേശികളായ ജംഷാദും ഭാര്യ ഗുലാഫ്‌സയും മകളും താമസിച്ചിരുന്നത്. ദിവസക്കൂലിയ്ക്ക് പല ജോലികള്‍ ചെയ്യുന്നവരാണ് ഇവർ. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവദിവസം വാക്കു തർക്കം വലിയ വഴക്കിലേക്ക് നീങ്ങി. ഈ സമയം കുഞ്ഞ് ഗുലാഫ്‌സയുടെ മടിയിൽ ഇരിയ്ക്കുകയായിരുന്നു. ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനെ ബലമായി എടുത്ത ജംഷാദ് ഗുലാഫ്‌സയ്ക്ക് നേരെ എറിഞ്ഞു. കുട്ടി തെറിച്ചു വീണത് തറയിലേയ്ക്കായിരുന്നു.

ഇതോടെ കുഞ്ഞിന്റെ തലയിൽ ഗുരുതരമായ പരിക്കേറ്റു, ശബ്ദം കേട്ട ഓടിയെത്തിയ അയൽ‌ക്കാരും ഇവിടെ ഉണ്ടായിരുന്ന നിതാരി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും പ്രാഥമിക ചികിത്സ നൽകി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ കുഞ്ഞ് മരിയ്ക്കുകയായിരുന്നു. നാട്ടുകാരാണ് സംഭവത്തെ കുറിച്ച് പൊലീസിൽ വിവരമറിയിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :