ഓക്‌ലൻഡ്|
Last Modified വെള്ളി, 8 ഫെബ്രുവരി 2019 (16:05 IST)
അടിക്ക് തിരിച്ചടിയാണ് നല്ലതെന്ന് തെളിയിച്ച് രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി- 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 159 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
നാല് ഓവറിൽ 28 റൺസിന് മൂന്നു വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ. പരമ്പരയിലെ നിർണായകമായ മൂന്നാം മൽസരം ഞായറാഴ്ച ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടക്കും.
29 പന്തുകൾ നിന്ന് മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 50 റൺസെടുത്ത രോഹിത് ശര്‍മ്മയും 28 പന്തില്‍ 40 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാൻ 31 പന്തിൽ 30 റൺസെടുത്തു. ധോണി 17 പന്തിൽ ഒരു ബൗണ്ടറി സഹിതം 20 റൺസോടെയും പുറത്താകാതെ നിന്നു. എട്ട് പന്തില്‍ ഒരു ഫോറും ഒരു സിക്‌സും വീതം നേടി 14 റണ്‍സെടുത്ത വിജയ് ശങ്കര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.
ഓപ്പണിങ് വിക്കറ്റിൽ രോഹിത് - ധവാന്‍ സഖ്യം 77 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചു. ന്യൂസീലൻഡിനായി ഇഷ് സോധി, ലോക്കി ഫെർഗൂസൻ, ഡാരിൽ മിച്ചൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ന്യുസിലന്‍ഡ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റൺസാണ് നേടിയത്. കോളിൻ ഗ്രാൻഡ്ഹോമാണ് (50) കിവീസിന്റെ ടോപ് സ്കോറർ. റോസ് ടെയ്‌ലര്‍ (42), ടിം സീഫർട്ട് (12), കോളിൻ മൺറോ (12), ഡാരിൽ മിച്ചൽ (ഒന്ന്), കെയ്ൻ വില്യംസൻ (20), മിച്ചൽ സാന്റ്നർ (ഏഴ്), ടിം സൗത്തി (മൂന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. സ്കോട്ട് കുഗ്ഗെലെയ്ൻ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.