മിന്നല്‍ വേഗത്തില്‍ 50, ചറപറ സിക്‍സും ഫോറും; തന്ത്രങ്ങള്‍ പൊളിച്ച് രോഹിത്

  auckland t20 , team india , cricket , New Zealand , MSD , dhoni , rohit sharma , രോഹിത് ശര്‍മ്മ , ന്യൂസിലന്‍ഡ് , ക്രിക്കറ്റ് , ക്രുനാൽ പാണ്ഡ്യ
Last Modified വെള്ളി, 8 ഫെബ്രുവരി 2019 (16:25 IST)
അടിക്ക് തിരിച്ചടിയേക്കാള്‍ വലിയ മറുപടിയില്ലെന്ന് രോഹിത് ശര്‍മ്മ തെളിയിച്ചപ്പോള്‍ വെല്ലിങ്‌ടണിലെ നാണം കെട്ട തോല്‍‌വിക്ക് ഇന്ത്യ പകരം വീട്ടി. ആദ്യ ട്വന്റി-20യില്‍ സര്‍വ്വ മേഖലയിലും ടീം പരാജയപ്പെട്ടപ്പോള്‍ ഒക്‍ലന്‍ഡില്‍ കളി വരുതിയില്‍ നിര്‍ത്താന്‍ സാധിച്ചതോടെ ന്യൂസിലന്‍ഡ് ആയുധം വെച്ച് കീഴടങ്ങി.

അച്ചടക്കത്തോടെ പന്തെറിഞ്ഞ ബോളര്‍മാരും സ്‌ഫോടനാത്മക
തുടക്കം നല്‍കിയ ശിഖര്‍ ധവാന്‍ - രോഹിത് ഓപ്പണിംഗ് ജോഡിയുമാണ് ഇന്ത്യക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. താളം കണ്ടെത്തിയ ശേഷം കടന്നാക്രമിക്കുന്ന വിരാട് കോഹ്‌ലിയുടെ സ്‌റ്റൈല്‍ രോഹിത് കടമെടുത്തതോടെ കിവിസ് ബോളര്‍മാര്‍ ആയുധമില്ലാത്ത പടയാളികളായി.

കോഹ്‌ലിയുടെ നിഴലില്‍ നില്‍ക്കുന്ന താരമെന്ന ചീത്തപ്പേര് രോഹിത് തുടച്ചു നീക്കുന്ന കാഴ്‌ചയായിരുന്നു ആരാധകര്‍ കണ്ടത്. 29 പന്തുകളില്‍ നാല് സിക്‍സറുകളുടെയും മൂന്‍ ഫോറുകളുടെയും അകമ്പടിയോടെയാണ് ഹിറ്റ്‌മാന്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു.

79 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിറന്നപ്പോള്‍ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചു. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് രോഹിത്ത് പുറത്തെടുത്തത്. കിവിസ് ബോളര്‍മാര്‍ക്ക് ഒരു ഘട്ടത്തിലും പിടി കൊടുത്തില്ല. സിക്‍സറുകളും ഫോറുകളും ഒന്നിനും പുറകെ ഒന്നായി അതിര്‍ത്തി കടക്കുകയും ചെയ്‌തു. കൃത്യം ആറ് ഓവറിൽ സ്‌കോര്‍ബോര്‍ഡ് 50 കടന്നു

ക്യാപ്‌റ്റന് പിന്തുണ നല്‍കുകയെന്ന കടമ മാത്രമായിരുന്നു മറുവശത്തുണ്ടായിരുന്ന ധവാനുണ്ടായിരുന്നത്. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ വിജയ് ശങ്കര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പുറത്തായെങ്കിലും ട്വന്റി-20യില്‍ താന്‍ വിലപടിച്ച താരമാണെന്ന് ഋഷഭ് പന്ത് വീണ്ടും തെളിയിച്ചു. ഇതോടെ കിവികളുടെ കൈയില്‍ നിന്ന് കളി വഴുതി.

ടോസിന്റെ ഭാഗ്യം ന്യൂസിലന്‍ഡിന് ലഭിച്ചെങ്കിലും ആദ്യ മത്സരത്തില്‍ കേട്ട പഴികള്‍ക്ക് അധികം ആയുസില്ലെന്ന്
രോഹിത്തിന്റെ ബോളര്‍മാര്‍ തെളിയിക്കുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് മാത്രമാണ് ന്യൂസീലൻഡിന് എടുക്കാന്‍ സാധിച്ചത്. തുടക്കം മുതല്‍ ഒടുക്കംവരെ മികച്ച രീതിയിലാണ് ഭുവനേശ്വര്‍ കുമാറും സംഘവും പന്തെറിഞ്ഞത്.

50 റൺസിനിടെ നാലു വിക്കറ്റ് വീണത്തോടെ ആതിഥേയരുടെ പദ്ധതികള്‍ പാളി. അവസാന അഞ്ച് ഓവറിൽ അവർക്കു നേടാനായത് 37 റൺസ് മാത്രമാണ്. അഞ്ച് റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീണതോടെ കൂറ്റന്‍ ടോട്ടലെന്ന കിവിസിന്റെ സ്വപ്‌നം അവസാനിച്ചു.

ആദ്യ ട്വന്റി-20യില്‍ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മറിച്ചാണ് എല്ലാം സംഭവിച്ചത്. ടീം സെലക്ഷനെ പഴി പറഞ്ഞവരെ വകവയ്‌ക്കാതെ രണ്ടാം ട്വന്റി-20യിലും അതേ ടീമിനെ നിലനിര്‍ത്താന്‍ ക്യാപ്‌റ്റന്‍ തീരുമാനിക്കുകയായിരുന്നു.

ബോളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനും രോഹിത്തിന് സാധിച്ചു. കൂറ്റനടിക്കാരനായ ടിം സീഫർട്ടിനെ അതിവേഗം കൂടാരം കയറ്റിയതും കെയ്‌ന്‍ വില്യംസണെ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നതും നേട്ടമായി. കോളിൻ മൺറോയെന്ന അപകടകാരിയെ കൂടാരം കയറ്റിയതും കിവിസ് നിരയിലെ ഭയക്കേണ്ട താരമായ റോസ് ടെയ്‌ലറെ മടക്കിയയച്ചും ബോളര്‍മാരുടെ മിടുക്കാണ്. ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്കായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :