അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഡിസംബര്‍ 2022 (10:12 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിനം നിയന്ത്രണം നഷ്ടപ്പെട്ട് വിരാട് കോലി. ബംഗ്ലാദേശ് ബാറ്റ് ചെയ്യവെ ഫീൽഡിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ സൂപ്പർ താരം വെറും ഒരു റണ്ണിന് പവലിയനിലേക്ക് മടങ്ങിയിരുന്നു. താൻ പുറത്തായതിൽ ബംഗ്ലാ താരങ്ങൾ കളിയാക്കിയെന്ന് ആരോപിച്ച് കോലി ബംഗ്ലാ താരമായ തൈജുൽ ഇസ്ലാമുമായി കോർക്കുകയും ചെയ്തു.
മെഹിദി ഹസൻ മിർസയുറ്റെ പന്തിൽ മൊമിനുൾ ഹഖ് പിടിച്ചാണ് കോലി പുറത്തായത്. കോലിയുടെ വിക്കറ്റ് ബംഗ്ലാ താരങ്ങൾ വൻ ആഘോഷമാക്കുകയും ചെയ്തു. പുറത്തായതിൻ്റെ ദേഷ്യത്തിൽ നിൽക്കുന്ന കോലിയോട് തൈജുൽ എന്തോ പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്.തുടർന്ന് കോലി തൈജുലുമായി ഉടക്കി. ഉടന്‍ തന്നെ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസനും അംപയറും ഇടപെട്ടെങ്കിലും തൈജുലുമായി ഏറെ ചൂടായ ശേഷമാണ് കോലി മടങ്ങിയത്.
നേരത്തെ ബംഗ്ലാദേശ് ഇന്നിങ്ങ്സിൽ ലിറ്റൺ ദാസിൻ്റെ 2 ക്യാച്ചുകൾ കോലി നഷ്ടപ്പെടുത്തിയിരുന്നു. ഫീൽഡിൽ വേറെയും ഒട്ടേറെ തെറ്റുകൾ കോലി വരുത്തിയിരുന്നു. ഇതിൽ താരം അസ്വസ്ഥനായിരുന്നു. ഫീൽഡിലെ പിഴവിന് പിന്നാലെ ബാറ്റിംഗിലും പരാജയപ്പെട്ടതോടെയാണ് താരത്തിൻ്റെ നിയന്ത്രണം നഷ്ടമായത്.