മുംബൈ|
jibin|
Last Updated:
ചൊവ്വ, 15 മാര്‍ച്ച് 2016 (01:48 IST)
ട്വന്റി-20 ലോകകപ്പ് ആരവങ്ങളിലേക്ക് ക്രിക്കറ്റ് ലോകം കടന്നിരിക്കുന്നു. ക്രിക്കറ്റിന്റെ പ്രവചനാതീതമായ ഈ രൂപത്തിന് പല സവിശേഷതകളുമുണ്ട്. കൊതിപ്പിക്കുന്ന സിക്‍സറുകളും ഫോറുകളും ശ്വാസമടിക്കിപ്പിടിച്ചിരുന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുബോള്‍ ലോകം വീണ്ടും ക്രിക്കറ്റിലേക്ക് ചുരുങ്ങും. 120 പന്തുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് മുന്‍കൂട്ടി പറയാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ തന്നെ ഒരു ടീമിനും മുന്‍ തുക്കമുണ്ടെന്ന് പറയാന്‍ കഴിയില്ല.
ഏതുനിമിഷവും കളിയുടെ ഗതിതന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു പിടി താരങ്ങള്‍ ഇത്തവണ കുട്ടിക്രിക്കറ്റിന്റെ പോരിനായി ഇറങ്ങുന്നുണ്ട്. പന്തുകൊണ്ടും ബാറ്റ് കൊണ്ടും എതിരാളികളെ തരിപ്പണമാക്കി കളിയുടെ ഗതി നിമിഷങ്ങള്‍ക്കം തകിടം മറിക്കാന്‍ കഴിവുള്ള ചില താരങ്ങള്‍. മഹനീയമായ അനിശ്ചിതത്വങ്ങളുടെ കളിയായ ക്രിക്കറ്റില്‍ എന്തും സാധ്യമാണെന്ന ജാമ്യം എടുത്തേ മതിയാകു. ഒരു മെയ്‌ഡന്‍ ഓവറിനോ ഒരു ബാറ്റ്‌സ്‌മാനോ ജയം പിടിച്ചെടുക്കാന്‍ കഴിയുന്നതാണ് ട്വന്റി-20. ഈ സാഹചര്യത്തില്‍ കുട്ടിക്രിക്കറ്റ് ലോകകപ്പിനായി എത്തുന്ന ആറ് സൂപ്പര്‍ താരങ്ങളെ പരിചയപ്പെടാം.
1. ജെയിംസ് ഫോക്‍നര്‍
ലോകക്രിക്കറ്റില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയ്‌ക്ക് ട്വന്റി-20 ലോകകപ്പ് എന്നത് സ്വപ്‌നമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കുട്ടി ക്രിക്കറ്റില്‍ പരാജയപ്പെടുന്നുവെന്നതാണ് അവരെ വലയ്‌ക്കുന്ന പ്രശ്‌നം. ഇന്ത്യയില്‍ ട്വന്റി-20 ലോകകപ്പ് കളിക്കാനെത്തുന്ന മഞ്ഞപ്പടയുടെ വജ്രായുധം ജെയിംസ് ഫോക്‍നര്‍ എന്ന ഓള്‍റൌണ്ടറാണ്. വലംകൈ ബാറ്റ്‌സ്‌മാനും പേര്‍ ബോളറുമായ ഈ ഇരുപത്തിയൊമ്പതുകാരന്‍ തികഞ്ഞ ഒരു ഓള്‍റൌണ്ടറാണ്. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് നേടുന്നതിനൊപ്പം വമ്പന്‍ ഷോട്ടിലൂടെ അതിവേഗം റണ്‍സ് കണ്ടെത്താനും കഴിവുണ്ട്. കൂടാതെ ഐപിഎല്ലില്‍ കളിക്കുന്നതിന്റെ പരിചയസമ്പത്തും അദ്ദേഹത്തിന് തുണയാകും.
2. എബി ഡിവില്ലിയേഴ്‌സ്
പ്രൊഫഷണല്‍ മികവില്‍ മറ്റേത് ടീമിനേക്കളും മുന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശക്തിയാണ് എബി ഡിവില്ലിയേഴ്‌സ്. ആധൂനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ എബിക്ക് മൈതനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കാളിക്കുന്നതിലുള്ള കഴിവാണ് എടുത്തുപറയേണ്ടത്. ബോളര്‍മാരുടെ പേടി സ്വപ്‌നമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍. ഇദ്ദേഹത്തിന്റെ ഫോം ദക്ഷിണാഫ്രിക്കയുടെ ഭാവി നിര്‍ണയിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ കളിക്കുന്നതിന്റെ പരിചയസമ്പത്തും വെടിക്കെട്ട് താരത്തിനുണ്ട്.
3. കോറി ആന്‍ഡേഴ്‌സണ്‍
ഓള്‍റൌണ്ടര്‍മാരുടെ നീണ്ട നിരയുള്ള ന്യൂസിലന്‍ഡ് ടീമില്‍ ഭയക്കേണ്ട താരമാണ് കോറി ആന്‍ഡേഴ്‌സണ്‍. ബ്രണ്ടന്‍ മക്കല്ലമില്ലാത്ത ടീമില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലുണ്ടെങ്കിലും കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളത്
കോറി ആന്‍ഡേഴ്‌സണ് തന്നെയായിരിക്കും. കുട്ടി ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഇദ്ദേഹത്തിന് പന്തുകൊണ്ടും ബോളുകൊണ്ടും അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കുമെന്നാണ് കീവിസ് ആരാധകര്‍ പറയുന്നത്.
4. ക്രിസ് ഗെയില്‍
ആരാധകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ടീമാണ് വെസ്‌റ്റ് ഇന്‍ഡീസ്. തകര്‍ന്നടിയുന്ന നിമിഷങ്ങളില്‍ പോലും തിരിച്ചുവരാന്‍ അവസരമൊരുക്കുന്ന താരങ്ങളുള്ള ടീമാണ് കരീബിയന്‍ പട. ക്രിസ് ഗെയില്‍ എന്ന അമാനുഷികനാണ് ഇവരുടെ പ്രതീക്ഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓള്‍ റൌണ്ടറായും ഉപയോഗിക്കാവുന്ന താരമാണ് ഇദ്ദേഹം. നൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഈ കരീബിയന്‍ താരത്തിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷകളെല്ലാം.
5. വിരാട് കോഹ്‌ലി
എബി ഡിവില്ലിയേഴ്‌സിന് ഭീഷണിയായി വളരുന്ന താരമാണ് ഇന്ത്യയുടെ യുവരക്തമായ വിരാട് കോഹ്‌ലി. ക്രീസിലുണ്ടെങ്കില്‍ ഏത് സ്‌കേറും പിന്തുടരുമെന്നതും മികച്ച കൂട്ടുക്കെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കഴിവുണ്ടെന്നതുമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ആക്രമിച്ച് കളിക്കാനും സഹതാരങ്ങള്‍ക്ക് ആവേശം പകരാനും അസാധ്യമായ കഴിവാണ് കോഹ്‌ലിക്കുള്ളത്. മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന കോഹ്‌ലി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ ആക്രമകാരിയാകും.
6. രവിചന്ദ്രന്‍ അശ്വിന്‍
ഇന്ത്യന്‍ പിച്ചുകളില്‍ എതിരാളികളെ തളച്ചിടാന്‍ കഴിയുന്ന ബോളറാണ് വിചന്ദ്രന്‍ അശ്വിന്‍. സ്വന്തം നാട്ടില്‍ ആരാധകര്‍ കാണ്‍കെ എതിരാളികളെ കറക്കി വീഴ്‌ത്താനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യുന്നതിനും റണ്‍സ് ഒഴുക്ക് തടഞ്ഞ് ബോള്‍ ചെയ്യാനുമുള്ള അശ്വന്റെ കഴിവ് മികച്ചതാണ്. നാലോവറില്‍ രണ്ടോ മൂന്നോ വിക്കറ്റ് നേടാനുള്ള ശക്തിയുള്ള ബോളര്‍ കൂടിയാണ് ഈ വലംകൈ ഓഫ് സ്‌പിന്നര്‍.