രേണുക വേണു|
Last Modified വ്യാഴം, 19 ജനുവരി 2023 (08:45 IST)
യുവതാരം ശുഭ്മാന്‍ ഗില്ലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി ശ്രേണിയിലേക്ക് മറ്റൊരു താരത്തിന്റെ വരവാണ് 23 കാരനാണ് ഗില്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാണുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന മത്സരങ്ങളിലെ ഗില്ലിന്റെ പ്രകടനങ്ങള്‍ അതിനു അടിവരയിടുന്നതാണ്.
സച്ചിന്റെ കാലത്തിനു ശേഷം അതേ ലെഗസിയുടെ മറ്റൊരു താരത്തെ ഇന്ത്യക്ക് ലഭിച്ചു, വിരാട് കോലി. ഇപ്പോള്‍ ഇതാ കോലിയുടെ കാലം കഴിയാന്‍ നില്‍ക്കുമ്പോള്‍ അതിന്റെ തുടര്‍ച്ചയായി ശുഭ്മാന്‍ ഗില്‍ എന്ന താരോദയം. ടെസ്റ്റിലും ഏകദിനത്തിലും തല്‍ക്കാലത്തേക്ക് മറ്റൊരു ഓപ്പണറെ ഇന്ത്യ അന്വേഷിക്കേണ്ടതില്ലെന്ന് ഗില്‍ പ്രകടനങ്ങളിലൂടെ വിളിച്ചുപറയുന്നുണ്ട്. മാത്രമല്ല ട്വന്റി 20 ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ഗില്‍ തെളിയിച്ചു കഴിയിച്ചു.
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. 149 പന്തില്‍ നിന്ന് 19 ഫോറും ഒന്‍പത് സിക്സും സഹിതം 208 റണ്‍സെടുത്താണ് ഗില്‍ അവസാന ഓവറില്‍ പുറത്തായത്. 145 പന്തില്‍ നിന്നാണ് ഗില്‍ ഇരട്ട സെഞ്ചുറി നേടിയത്. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പായിച്ച് ഡബിള്‍ സെഞ്ചുറി നേടിയെന്ന അപൂര്‍വ്വ നേട്ടവും ഗില്‍ സ്വന്തമാക്കി.
87 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറി തികച്ചത്. നൂറില്‍ നിന്ന് ഇരുന്നൂറിലേക്ക് എത്താന്‍ പന്തിന് വേണ്ടിവന്നത് വെറും 58 പന്തുകള്‍ മാത്രം. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി നേടുമ്പോള്‍ ഗില്ലിന്റെ പ്രായം 23 വയസും 132 ദിവസവും !
ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഗില്‍ സ്വന്തമാക്കി. 19 ഇന്നിങ്സില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ 1000 ഏകദിന റണ്‍സ് നേടിയിരിക്കുന്നത്. വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഗില്‍ മറികടന്നത്. കോലിയും ധവാനും ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചത് 24 ഇന്നിങ്സില്‍ നിന്നാണ്. ഇവരേക്കാള്‍ അഞ്ച് ഇന്നിങ്സ് കുറവ് കളിച്ചാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വിരാട് കോലിയെ പോലെ മറ്റൊരു ലെജന്‍ഡ് ആകാനുള്ള എല്ലാ കഴിവും ഉള്ള താരമാണ് ഗില്‍ എന്നാണ് ആരാധകരുടെ കമന്റ്.
അതേസമയം, ഏകദിനത്തില്‍ ആദ്യ ആയിരം റണ്‍സ് നേടുന്ന ലോക താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. പാക്കിസ്ഥാന്റെ ഇന്‍സമാം ഉള്‍ ഹഖും 19 ഇന്നിങ്സില്‍ നിന്നാണ് ആയിരം റണ്‍സ് നേടിയിരിക്കുന്നത്. 18 ഇന്നിങ്സില്‍ നിന്ന് 1000 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ തന്നെ ഫഖര്‍ സമാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഏകദിനത്തില്‍ നിലവില്‍ 60 ന് മുകളില്‍ ശരാശരിയുള്ള ഏകതാരമാണ് ഗില്‍. 109.0 സ്‌ട്രൈക് റേറ്റില്‍ 68.88 ആണ് ഗില്ലിന്റെ ഏകദിനത്തിലെ ശരാശരി. 19 ഇന്നിങ്‌സുകളില്‍ നിന്നായി ഗില്‍ ഇതുവരെ 1102 റണ്‍സ് നേടിയിട്ടുണ്ട്.