രേണുക വേണു|
Last Modified ബുധന്‍, 25 ജനുവരി 2023 (12:57 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമിലെ തന്റെ ഓപ്പണര്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് 360 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. വളര്‍ന്നുവരുന്ന ഏത് യുവതാരവും നേരിടുന്ന ഒരു ചോദ്യമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ വിരാട് കോലിയാണോ നിങ്ങളെ കൂടുതല്‍ സ്വാധീനിച്ചത് എന്നത്. ആ ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ഗില്‍.
സച്ചിന്‍ ടെന്‍ഡുല്‍ക്കറേക്കാള്‍ വിരാട് കോലിയാണ് തന്നെ സ്വാധീനിച്ചതെന്നാണ് ഗില്‍ പറയുന്നത്. അതിനു വ്യക്തമായ കാരണവും ഗില്‍ പറയുന്നുണ്ട്. ' വിരാട് ഭായ് ആണ് എന്നെ കൂടുതല്‍ സ്വാധീനിച്ചത്. ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിക്കുന്നതിന്റെ ഒരു കാരണം തീര്‍ച്ചയായും സച്ചിന്‍ സാറാണ്. കാരണം എന്റെ അച്ഛന്‍ വലിയൊരു സച്ചിന്‍ ആരാധകനാണ്. പക്ഷേ സച്ചിന്‍ സാര്‍ വിരമിക്കുമ്പോള്‍ ക്രിക്കറ്റിനെ കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന വിധം അത്ര മുതിര്‍ന്നിരുന്നില്ല ഞാന്‍. അന്ന് വളരെ ചെറുതായിരുന്നു. പിന്നീടാണ് ക്രിക്കറ്റിനെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ വിരാട് ഭായിയില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത്' ഗില്‍ പറഞ്ഞു.