അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (13:52 IST)
മുംബൈ ഇന്ത്യന്‍സ് ടീമിലെ ബൗളിംഗ് പരിശീലകനായുള്ള സ്ഥാനം ഒഴിവാക്കി ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഷെയ്ന്‍ ബോണ്ട്. 2015 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളിംഗ് പരിശീലകനാണ് താരം. മുംബൈ ഇന്ത്യന്‍സില്‍ ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് താരം വഹിച്ചത്. ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വളര്‍ച്ചയില്‍ ബോണ്ടിന്റെ പങ്ക് നിസ്തര്‍ക്കമാണ്.
2024 ഓഗസ്‌റ്റോടെ മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് പരിശീലകനായി ലസിത് മലിംഗ സ്ഥാനമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകസ്ഥാനത്ത് നിന്ന് ബോണ്ട് പിന്മാറുന്നത്. 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് പരിശീലകനാണ് ലസിത് മലിംഗ. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ മുംബൈയില്‍ ദീര്‍ഘകാലം കളിച്ച താരമാണ് മലിംഗ. ഇതാണ് താരം മുംബൈയിലേക്ക് പോകാന്‍ കാരണമായത്.
ന്യൂസിലന്‍ഡിനായി 18 ടെസ്റ്റുകളും 20 ടി20 മത്സരങ്ങളും 82 ഏകദിനങ്ങളുമാണ് ബോണ്ട് കളിച്ചത്. ലോകോത്തര ബൗളറെന്ന് ചുരുക്കം മത്സരങ്ങളിലൂടെ പേരെടുക്കാന്‍ സാധിച്ചെങ്കിലും നിരന്തരമായി വേട്ടയാടിയ പരിക്കുകളാണ് ബോണ്ടിന്റെ കരിയറിനെ ഇല്ലാതാക്കിയത്.