'ഓസ്‌ട്രേലിയയില്‍ സഞ്ജു വേണം, ആ കഴിവ് ഏറ്റവും കൂടുതല്‍ ഉള്ളത് സഞ്ജുവിന് തന്നെ'; പുകഴ്ത്തി രവി ശാസ്ത്രി

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (13:01 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാതെ പോയതില്‍ ആരാധകര്‍ക്ക് വലിയ പരാതിയുണ്ട്. ബിസിസിഐയും സെലക്ടര്‍മാരും സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നാണ് ആരാധകരുടെ വാദം. ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ സഞ്ജു വേണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഓസ്‌ട്രേലിയയില്‍ സഞ്ജുവിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും പറയുന്നു.

ഓസ്‌ട്രേലിയയിലെ വിക്കറ്റുകളില്‍ ഒന്നാം നമ്പര്‍ ബൗളര്‍മാര്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള ബാറ്ററാണ് സഞ്ജുവെന്ന് ശാസ്ത്രി പറഞ്ഞു. ഏറ്റവും അധികം ഷോട്ടുകള്‍ കൈവശമുള്ള താരമാണ് സഞ്ജുവെന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ട്വന്റി 20 മത്സരങ്ങളില്‍ ഷോട്ട് ലെങ്ത് ബോളുകള്‍ക്ക് നിര്‍ണായക റോളുണ്ട്. രാഹുല്‍ ത്രിപതി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തമ്മിലായിരിക്കും മത്സരം. എങ്കിലും ഓസ്‌ട്രേലിയയിലെ വിക്കറ്റുകളില്‍ ബൗണ്‍സും പേസും ഉണ്ട്. അവിടെ കട്ട് ഷോട്ടും പുള്‍ ഷോട്ടുമായി നിറഞ്ഞുനില്‍ക്കാന്‍ സഞ്ജുവിന് സാധിക്കും. സത്യം പറഞ്ഞാല്‍ ഏറ്റവും അധികം ഷോട്ട് വൈവിധ്യമുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍,' ശാസ്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :