അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (22:08 IST)
ലോകക്രിക്കറ്റിലെ മാസ്റ്റർ ബ്ളാസ്റ്റർ എന്ന് വിളിപ്പേരുണ്ടെങ്കിലും ലോകക്രിക്കറ്റിലെ ഒരു നാണംകെട്ട റെക്കോർഡ് ഇന്ത്യൻ ഇതിഹാസതാരമായ സുനിൽ ഗവാസ്കറിന് സ്വന്തമായുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 കുറിച്ച താരം ഏകദിനത്തിൽ പക്ഷെ തുടക്കത്തിൽ ക്ലച്ച് പിടിച്ചിരുന്നില്ല.
1975 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ആദ്യം ഇറങ്ങി അവസാന പന്ത് വരെ പുറത്താവാതെ നിന്ന
ഗവാസ്കർ മത്സരത്തിൽ ആകെ നേടിയത് 36 റൺസ് മാത്രമായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം ഇന്നിങ്‌സായാണ് ഇത് കണക്കാക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 60 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് നേടിയിരുന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പക്ഷെ 60 ഓവറും ബാറ്റ് ചെയ്ത് നേടിയത് വെറും 132 റൺസായിരുന്നു. 174 പന്ത് നേരിട്ട ഗവാസ്കർ ആകെ നേടിയത് 36 റൺസായിരുന്നു. വെറും 20.68 ബാറ്റിംഗ് ശരാശരിയിൽ ബാറ്റ് ചെയ്ത ഗവാസ്കരായിരുന്നു അന്ന് ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് കാരണക്കാരൻ. ഐപിഎല്ലിൽ സഞ്‍ജു സാംസൺ അടക്കമുള്ള താരങ്ങളെ നിരന്തരം വിമർശിക്കാറുള്ള ഗവാസ്കറിനെ ആരാധകർ ഈ റെക്കോർഡ് ചൂണ്ടിക്കാണിച്ച് വിമർശിക്കുക പതിവാണ്.