അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (13:27 IST)
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാകപ്പ് ടൂർണമെൻ്റിനുള്ള ഇന്ത്യൻ ടീമിൻ്റെ പ്രഖ്യാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കും. ഒക്ടോബറിൽ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഏഷ്യാകപ്പ് ഇലവനിലുള്ള താരങ്ങൾ തന്നെയാകും ലോകകപ്പ് ടീമിലും ഇടം പിടിക്കാൻ സാധ്യത. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് ഏറെ നിർണായകമാണ് ഇന്നത്തെ ടീം പ്രഖ്യാപനം.
ഒന്നാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിൽ സ്ഥാനമുറപ്പിച്ചതിനാൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായീഷാൻ കിഷനും സഞ്ജു സാംസണും തമ്മിലാണ് മത്സരം. ഓപ്പണിങ് ബാക്കപ്പ് സ്ഥാനം കൂടി ടീം പരിഗണനയിൽ എടുക്കുകയാണെങ്കിൽ ഇഷാൻ കിഷനായിരിക്കും നറുക്ക് വീഴുക. കെ എൽ രാഹുൽ ഓപ്പണറായി ടീമിലെത്തുകയാണെങ്കിൽ മധ്യനിരയിൽ ബാക്കപ്പ് കീപ്പർ കൂടെയായ മധ്യനിര താരം എന്ന നിലയിൽ സഞ്ജുവിൻ്റെ സാധ്യത ഉയരും.
പതിവ് പോലെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമോ അതോ കൂടുതൽ താരങ്ങൾക്ക് അവസരം നൽകാനായി 17 അംഗ ടീമിനെ പ്രഖ്യാപിക്കുമോ എന്നത് ഉറപ്പില്ല.