അന്ന് സച്ചിൻ പൊട്ടിത്തെറിച്ചു, ഗാംഗുലിയെ ഭീഷണിപ്പെടുത്തി, സച്ചിൻ നായകനായിരുന്ന കാലത്തെ സംഭവം !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (14:17 IST)
കളിക്കളത്തിലും പുറത്തുമെല്ലാം സൗമ്യനാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ദേഷ്യം വന്ന സച്ചിന്റെ മുഖം നമ്മൾ കണ്ടിട്ടുണ്ടാകില്ല. എന്നാൽ ഇന്ത്യൻ നായകനായിരുന്ന കാലത്ത് സച്ചിൻ പൊട്ടിത്തെറിക്കുകയും ഗാംഗുലിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം വിവരിയ്ക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ വിക്രാന്ത് ഗുപ്ത. ഒരു അഭിമുഖത്തിലാണ് വിക്രാന്ത് ഗുപ്തയുടെ വെളിപ്പെടുത്തൽ

1996-97ലെ വെസ്റ്റിൻഡീസ് ടെസ്റ്റ് പര്യടനത്തിലാണ് സംഭവം ഗാംഗുലി അന്ന് ടീമിലെ തുടക്കക്കാരില്‍ ഒരാൾ മാത്രമായിരുന്നു. ബാര്‍ബഡോസില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനോടു തകർന്നടിഞ്ഞു. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 120 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടു റണ്‍സ് എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 319 റണ്‍സെടുത്തിരുന്ന ഇന്ത്യ വിജയമുറപ്പിച്ചാണ് തിരികെ കയറിയത്. എന്നാല്‍, നാലാം ദിനം കളി പൂർണമായും കൈവിട്ടു.

ഇയാന്‍ ബിഷപ്പ്, കര്‍ട്‌ലി അംബ്രോസ്, ഫ്രാങ്ക്‌ളിന്‍ റോസ് എന്നീ ബോളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പൂർണ പരാജയമായി. വെറും 81 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. 61 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 19 റണ്‍സെടുത്ത വിവിഎസ്. ലക്ഷ്മണ്‍ മാത്രമാണ് രണ്ടക്കം കണ്ടത്. വെസ്റ്റ് ഇൻഡീസ് വഴങ്ങിയ 15 എക്സ്ട്ര റെൺസ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സംഭാവനയെക്കാൾ വളരെ വലുതായിരുന്നു. വിജയമുറപ്പിച്ച മത്സരം തോറ്റതിനെ തുടര്‍ന്ന് സങ്കടത്തിലും നിരാശയിലുമായ സച്ചിൻ തനിച്ചിരിക്കുകയായിരുന്നു.

ഈസമയം സച്ചിനെ ആശ്വസിപ്പിക്കാന്‍ ഗാംഗുലി ചെന്നു. അടുത്തദിവസം രാവിലെ മുതല്‍ ഓടാന്‍ തയാറാകാന്‍ തന്റെ അടുത്തെത്തിയ ഗാംഗുലിയോട് സച്ചിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിറ്റേന്ന് രാവിലെ ഗാംഗുലി ഓടാന്‍ എത്തിയില്ല. ഇതില്‍ കുപിതനായ സച്ചിന്‍ സൗരവിനോട തട്ടിക്കയറുകയായിരുന്നു. ഗാംഗുലിയെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നും കരിയര്‍ തന്നെ അവസാനിപ്പിച്ചു കളയുമെന്നും സച്ചിന്‍ ഭീഷണിപ്പെടുത്തി. ഇതിനു ശേഷമാണ് ഗാംഗുലിയുടെ ക്രിക്കറ്റിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നത്' വിക്രാന്ത് ഗുപ്ത പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :