രേണുക വേണു|
Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (19:27 IST)
Royal Challengers Bangalore vs Punjab Kings: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മൂന്നാം ജയം. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആര്‍സിബി 24 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 18.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ഔട്ടായി.
പ്രഭ്‌സിമ്രാന്‍ സിങ് (30 പന്തില്‍ 46), ജിതേഷ് ശര്‍മ (27 പന്തില്‍ 41) എന്നിവരുടെ പ്രകടനങ്ങള്‍ പഞ്ചാബിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചെങ്കിലും മുഹമ്മദ് സിറാജിന്റെ അത്യുഗ്രന്‍ സ്‌പെല്ലുകള്‍ ആര്‍സിബിക്ക് വിജയം സമ്മാനിച്ചു. നാല് ഓവറില്‍ വെറും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. വനിന്ദു ഹസരംഗ രണ്ട് വിക്കറ്റും വെയ്ന്‍ പാര്‍നല്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് വേണ്ടി ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിസ് (56 പന്തില്‍ 84), വിരാട് കോലി (47 പന്തില്‍ 59) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറഞ്ഞതോടെ ടീം ടോട്ടല്‍ വമ്പന്‍ സ്‌കോറിലേക്ക് എത്താതെ നിന്നു. അഞ്ച് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ഡു പ്ലെസിസിന്റെ ഇന്നിങ്‌സ്. പരുക്കിനെ തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയര്‍ ആയാണ് ഡു പ്ലെസിസ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. വിരാട് കോലിയാണ് ഇന്ന് ആര്‍സിബിയെ നയിച്ചത്.