സിഡ്‌നി|
jibin|
Last Modified ശനി, 23 ജനുവരി 2016 (17:52 IST)
മനീഷ് പാണ്ഡയുടെ കന്നിസെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്കു ആറു വിക്കറ്റ് ജയം. ഓസീസ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്കോർ: ആസ്ട്രേലിയ 330-7, ഇന്ത്യ: 331-4 (49.4). ആദ്യ നാല് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.
രോഹിത് ശര്‍മയുടെ (99) ഉജ്വല ബാറ്റിംഗും മനീഷ് പാണ്ഡയുടെ (104*) ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ചുറിയുമാണ് ഇന്ത്യക്ക് ആശ്വാസജയം സമ്മാനിച്ചത്.
81 പന്തിൽ എട്ടു ഫോറുകളും ഒരു സിക്സറും അടങ്ങിയതാണ് മനീഷ് പാണ്ഡെയുടെ ഇന്നിംഗ്സ്. സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ 99ൽ രോഹിത് ശർമ പുറത്താവുകയായിരുന്നു. 56 പന്തിൽ നിന്നാണ് ശിഖർ ധവാൻ 78 റൺസ് നേടിയത്. ധോണി 34 റണ്‍സെടുത്തു. വിരാട് കോഹ്‌ലിക്ക് 8 റണ്‍സ് മാത്രമെ എടുക്കാന്‍ സാധിച്ചുള്ളു.
നേരത്തെ സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷും (84 പന്തില്‍ 102 നോട്ടൌട്ട്) 113 പന്തില്‍ 122 റണ്‍സ് നേടിയ വാര്‍ണറും കളം നിറഞ്ഞപ്പോള്‍ ആതിഥേയര്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ആരോണ്‍ ഫിഞ്ച് (6), സ്‌റ്റിവന്‍ സ്മിത്ത് (28), ജോര്‍ജ് ബെയ്ലി (6), ഷോണ്‍ മാര്‍ഷ് (7) എന്നിവരുടെ വിക്കറ്റ് നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കളിയുടെ നിയന്ത്രണം വാര്‍ണര്‍ ഏറ്റെടുത്തത്. മാത്യൂ വേഡിനെയും (36) മിച്ചല്‍ മാര്‍ഷിനെയും കൂട്ടുപിടിച്ചാണ് മഞ്ഞപ്പടയ്‌ക്ക് വാര്‍ണര്‍ അടിത്തറ പാകിയത്.