സിഡ്‌നി|
jibin|
Last Updated:
ശനി, 23 ജനുവരി 2016 (12:49 IST)
തുടക്കത്തിലെ പതറിച്ചയ്‌ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ കളി കൈയിലെടുത്തപ്പോള്‍
ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്‌ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 330 റണ്‍സാണ് കംഗാരുപ്പട്ട അടിച്ചു കൂട്ടിയത്. വാര്‍ണര്‍ വെടിക്കെട്ടിന് (122) പിന്നാലെ മിച്ചല്‍ മാര്‍ഷും (102*) ഇന്ത്യന്‍ ബോളര്‍മാരെ തല്ലിത്തരിപ്പണമാക്കിയതോടെയാണ് ഓസീസ് റണ്‍മല കയറിയത്.
113 പന്തുകളില്‍ മൂന്ന് സിക്‍സറുകളും ഒമ്പത് ഫോറുകളും നേടിയാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്. മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോള്‍ ക്രീസിലെത്തിയ മാര്‍ഷ് പതിയെ തുടങ്ങിയ ശേഷം അവസാന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. 84 പന്തുകളില്‍ രണ്ട് സിക്‍സറുകളും ഒമ്പത് ഫോറുകളും നേടിയാണ് മാര്‍ഷ് മൂന്നക്കം കടന്നത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ആരോണ്‍ ഫിഞ്ച് (6), സ്റീവന്‍ സ്മിത്ത് (28), ജോര്‍ജ് ബെയ്ലി (6), ഷോണ്‍ മാര്‍ഷ് (7) എന്നിവരുടെ വിക്കറ്റ് നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കളിയുടെ നിയന്ത്രണം വാര്‍ണര്‍ ഏറ്റെടുത്തത്. മാത്യൂ വേഡിനെയും (36) മിച്ചല്‍ മാര്‍ഷിനെയും കൂട്ടുപിടിച്ചാണ് മഞ്ഞപ്പടയ്‌ക്ക് വാര്‍ണര്‍ അടിത്തറ പാകിയത്.
പരമ്പരയിലെ നാലു മൽസരങ്ങളും പരാജയപ്പെട്ട് പരമ്പര കൈവിട്ടിരിക്കുന്ന ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാൻ ഇന്നത്തെ മത്സരം ജയിക്കാതെ വയ്യാത്ത അവസ്ഥയാണ്.