രേണുക വേണു|
Last Modified ശനി, 26 ഒക്‌ടോബര്‍ 2024 (15:59 IST)
Rishabh Pant, Virat Kohli Runout: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ്. 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 245 ന് ഓള്‍ഔട്ട് ആയി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റുള്ളവരെല്ലാം ഒന്നാം ടെസ്റ്റിലെ പോലെ കവാത്ത് മറന്നു.
നിര്‍ണായക സമയത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ വിക്കറ്റ് റണ്‍ഔട്ടിലൂടെ ഇന്ത്യ നഷ്ടമാക്കി. മൂന്ന് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് പന്ത് പുറത്തായത്. മത്സരം രണ്ട് ദിവസം കൂടി ശേഷിക്കെയാണ് ആവശ്യമില്ലാത്ത റണ്‍സിനു ഓടി ഇന്ത്യ വിക്കറ്റ് വലിച്ചെറിഞ്ഞത്. ആ സമയത്ത് വിരാട് കോലി ആയിരുന്നു റിഷഭ് പന്തിനൊപ്പം ക്രീസില്‍.
അജാസ് പട്ടേല്‍ എറിഞ്ഞ 23-ാം ഓവറിലാണ് സംഭവം. ഗുഡ് ലെങ്ത് ബോള്‍ വിരാട് കോലിയുടെ ബാറ്റിന്റെ എഡ്ജ് എടുത്ത് ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക് പോകുകയായിരുന്നു. കോലി സിംഗിള്‍ എടുക്കാന്‍ ആഗ്രഹിച്ചു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന റിഷഭ് പന്തും സിംഗിള്‍ എടുക്കാനായി ക്രീസില്‍ നിന്ന് ഇറങ്ങി. എന്നാല്‍ ഓടുന്നതിനിടെ റിഷഭ് പന്ത് റണ്‍ഔട്ട് ആകുമോ എന്ന പേടിയില്‍ നിശ്ചലമാകുന്നത് കാണാം. ഒടുവില്‍ സ്‌ട്രൈക്കര്‍ ക്രീസ് ലക്ഷ്യമിട്ട് പന്ത് ഓട്ടം തുടര്‍ന്നു. മിച്ചല്‍ സാന്റ്‌നര്‍ നല്‍കിയ ത്രോയില്‍ റിഷഭ് പന്ത് ക്രീസിലേക്ക് എത്തും മുന്‍പ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടല്‍ കുറ്റി തെറിപ്പിച്ചു.
നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന പന്ത് സിംഗിള്‍ നിഷേധിച്ചിരുന്നെങ്കില്‍ ഈ റണ്‍ഔട്ട് സംഭവിക്കില്ലായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകരുടെ വിമര്‍ശനം. അതേസമയം കോലിയുടെ ഭാഗത്താണ് തെറ്റെന്ന് പറയുന്നവരും ഉണ്ട്. ഇത്രയും റിസ്‌ക് എടുത്ത് കംപ്ലീറ്റ് ചെയ്യേണ്ടിയിരുന്ന സിംഗിള്‍ ആയിരുന്നില്ല അതെന്നും കോലി കുറച്ചുകൂടി ശ്രദ്ധിച്ചു വേണം സിംഗിള്‍ കോള്‍ നടത്താനെന്നും മറ്റൊരു വിഭാഗം ആരാധകരും കുറ്റപ്പെടുത്തുന്നു.