മുബൈ|
Sajith|
Last Updated:
തിങ്കള്‍, 21 മാര്‍ച്ച് 2016 (12:19 IST)
പൊരുതിനോക്കിയെങ്കിലും അഫ്ഗാനിസ്ഥാനെ മറികടന്ന്
ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പിലെ ആദ്യ വിജയം നേടി. 37 റൺസിനായിരുന്നു
ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 209 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 172 റൺസെടുക്കാനെ അഫ്ഗാനിസ്ഥാനു കഴിഞ്ഞുള്ളൂ.
ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് ടൂർണമെന്റിൽ തുടർച്ചയായി രണ്ടാം തവണയും 200 റൺസ് നേടാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ടീം തുടർച്ചയായ കളികളിൽ 200ൽ ഏറെ റൺസ് നേടുന്നത്. ഓപ്പണർ ക്വിന്റൻ ഡി കോക്ക് 31 പന്തിൽനിന്ന് 45 എടുത്തപ്പോൾ ക്യാപ്റ്റൻ ഡുപ്ലസിസ് 27 പന്തിൽനിന്ന് 41 അടിച്ചെടുത്തു. 29 പന്തിൽ നിന്നായിരുന്നു 64 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്. തനിക്കു സുപരിചിതമായ വാങ്കഡെയിൽ ഡിവില്ലിയേഴ്സ് അഞ്ചു സിക്സും നാലു ഫോറും പറത്തി. ജെ പി ഡുമിനി (29 നോട്ടൗട്ട്) ഡിവില്ലിയേഴ്സ് സഖ്യം 35 പന്തിൽനിന്ന് 76 റൺസും നേടിയത് ടീമിന്റെ ബാറ്റിങ് കരുത്ത് വ്യക്തമാക്കി. അഫ്ഗാൻ സ്പിന്നർ സമിയുള്ളയെ ഒരോവറിൽ നാലു സിക്സും ഒരു ഫോറുമടിച്ചായിരുന്നു ഡിവില്ലിയേഴ്സ് സംഹാരതാണ്ഡവമാടിയത്.
ആദ്യകളിയിൽ 229 റൺസെടുത്തിട്ടും ഇംഗ്ലണ്ടിനോടു തോറ്റതിന്റെ ക്ഷീണം മറന്നുള്ള കളിയായിരുന്നു ദക്ഷിണാഫ്രിക്കയുടെത്. മറുപടി ബാറ്റിങ്ങിൽ ഉശിരോടെയാണ് അഫ്ഗാനും തുടങ്ങിയത്. ഓപ്പണർ മുഹമ്മദ് ഷെഹ്സാദ് 19 പന്തിൽനിന്നു 44 റൺസ് നേടി. നൂർ അലി സദ്രാൻ 25 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് 27നു നാലു വിക്കറ്റ് വീഴ്ത്തി. സ്പിന്നർ ഇമ്രാൻ താഹിർ രണ്ടു വിക്കറ്റെടുത്തു. തുടർച്ചയായ രണ്ടു തോൽവിയോടെ അഫ്ഗാന്റെ സെമിഫൈനൽ സാധ്യത മങ്ങി. 25നു നാഗ്പൂരിൽ വിൻഡീസുമായാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മൽസരം.