'നിർഭാഗ്യം' എന്ന അദൃശ്യശക്തിയെ ഒഴിവാക്കാന്‍ ഇത്തവണ ദക്ഷിണാഫ്രിക്കക്ക് കഴിയുമോ? ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം!

ഏതൊരു ടൂർണമെന്റിലും കിരീടസാധ്യത കൽപ്പിക്കപ്പെടുന്നവരുടെ മുൻനിരയിലാണ്‍ ദക്ഷിണാഫ്രിക്കയുടെ സ്ഥാനം.

ക്രിക്കറ്റ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ലോകകപ്പ് cricket, south africa, india, world cup
Sajith| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (12:45 IST)
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനൊപ്പം എക്കാലത്തും അദൃശ്യനായ ഒരു പന്ത്രണ്ടാമനും ഉണ്ടാകാറുണ്ട്. അത് മറ്റാരുമല്ല, 'നിർഭാഗ്യമാണ്' ആ പന്ത്രണ്ടാമന്‍. ഇത്തവണത്തെ കുട്ടി ലോകകപ്പിലെങ്കിലും ആ പന്ത്രണ്ടാമനെ ഒഴിവാ‍ക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.

ഏതൊരു ടൂർണമെന്റിലും കിരീടസാധ്യത കൽപ്പിക്കപ്പെടുന്നവരുടെ
മുൻനിരയിലാണ്‍ ദക്ഷിണാഫ്രിക്കയുടെ സ്ഥാനം.
ഓൾറൗണ്ട് മികവുള്ള ടീം, ലോക റാങ്കിങ്ങിൽ ഒന്നാം നിരയിലുള്ള കളിക്കാർ. വിജയ പ്രതീക്ഷ സ്വാഭാവികം. പക്ഷേ, വൻ ടൂർണമെന്റുകളിലെല്ലാം പടിക്കൽ വച്ചു കലമുടയ്ക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ലോക കിരീടം എന്നത് ദക്ഷിണാഫ്രിക്കക്കാര്‍ക്ക് ഇനിയും ഒരു സ്വപ്നം മാത്രം.

ഈ ട്വന്റി20 ലോകകപ്പിലും
കിരീടസാധ്യത കൽപ്പിക്കപ്പെടുന്നവരുടെ മുൻനിരയിൽ തന്നെയാണ് ദക്ഷിണാഫ്രിക്ക. അതിനു വേണ്ട എല്ലാ ചേരുവകളും ഉള്ള സൂപ്പർ ടീം തന്നെയാണു പോരിനിറങ്ങുന്നത്. പരിചയസമ്പന്നരുടെ ടീം. 15 അംഗ ടീമിൽ ഒൻപതു പേരും 30 കഴിഞ്ഞവർ. ആധുനിക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായി വിലയിരുത്തപ്പെടുന്ന എ ബി ഡിവില്ലിയേഴ്സ്
മാത്രം മതിയാവും 20 ഓവർ മൽസരത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍. നായകസ്ഥാനം ഫാഫ് ഡൂപ്ലസി ഏറ്റെടുത്തതോടെ ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ തന്നെ ഡിവില്ലിയേഴ്സിനു പൊട്ടിത്തെറിക്കാം.

ഇതുവരെ പിന്തുടരുന്ന ഭാഗ്യക്കേടിന്റെ ജാതകദോഷം ഇത്തവണയെങ്കിലും തിരുത്തിയെഴുതാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ വർഷം കളിച്ച 12 ട്വന്റി20 മൽസരങ്ങളിൽ ഏഴെണ്ണത്തിൽ ജയിച്ച ടീം നാലെണ്ണത്തിൽ തോല്‍ക്കുകയും ഒരു മൽസരം സമനിലയിലാവുകയും ചെയ്തിരുന്നു. ഡിവില്ലിയേഴ്സ് നയിക്കുന്ന പരിചയ സമ്പന്നരുടെ ബാറ്റിങ് നിരയും മികച്ച ഫീൽഡിങ് നിരയുമാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. എന്നാല്‍ ഡെയ്‌ൽ സ്റ്റെയിനപ്പുറം എതിരാളികളെ വിറപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള പേസർമാരില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്‍. കുറച്ചു കാലങ്ങളായി സ്റ്റെയിൻ ഫോമിലല്ല എന്നതും ടീമിന് ആശങ്ക ഉയര്‍ത്തുന്നു. പ്രധാന താരങ്ങളെല്ലാം ഐപിഎല്ലിൽ കളിച്ചവരായതിനാൽ ഇന്ത്യൻ സാഹചര്യങ്ങൾ എല്ലാവര്‍ക്കും ഏറെക്കുറെ പരിചിതമാണ്. എന്തുതന്നെയായലും വലിയ ടൂർണമെന്റുകളിൽ കാലിടറി വീഴുന്ന ആ പഴയ ചരിത്രം ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :