ഡിവില്ലിയേഴ്സ് ആറാടി; വീണ്ടും 200 കടന്ന് ദക്ഷിണാഫ്രിക്ക; അഫ്ഗാന് വിജയലക്ഷ്യം 210

അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു.

മുബൈ, ട്വന്റി20 ലോകകപ്പ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ mumbai, T20 world cup, south africa, afganisthan
മുബൈ| Sajith| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (17:31 IST)
ട്വന്റി20 ലോകകപ്പിൽ വീണ്ടും എതിരാളികൾക്കെതിരെ ബാറ്റിങ് വെടിക്കെട്ട് തീർത്ത് ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. 29 പന്തിൽ നാലു ബൗണ്ടറിയും അഞ്ചു സിക്സുമുൾപ്പെടെ 64 റൺസെടുത്ത എ ബി ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറി നേടിയ ഹാഷിം അംല അഞ്ചു റൺസെടുത്ത് പുറത്തായി. ഓപ്പണർ ക്വിന്റൺ ഡികോക്ക് (31 പന്തിൽ 45), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (27 പന്തിൽ 41), ജെ പി ഡുമിനി (20 പന്തിൽ 29) എന്നിവരുടെ ഇന്നിങ്സുകളും ദക്ഷിണാഫ്രിക്കൻ സ്കോറിന് കരുത്തു പകർന്നു. എട്ടു പന്തിൽ 19 റൺസെടുത്ത ഡേവിഡ് മില്ലർ അവസാന ഓവറിന്റെ അഞ്ചാം പന്തിൽ മടങ്ങി. അഫ്ഗാനിസ്ഥാനായി ആമിർ ഹംസ, ഷപൂർ സദ്രാൻ, മുഹമ്മദ് നബി, ദൗലത്ത് സദ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ശ്രീലങ്കയ്ക്കെതിരെ ആദ്യ മൽസരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അഫ്ഗാനിസ്ഥാൻ കീഴടങ്ങിയത്. ആദ്യ മൽസരത്തിൽ തോറ്റ ഇരു ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. ദക്ഷിണാഫ്രിക്കയാവട്ടെ ഇംഗ്ലണ്ടിനെതിരെ വമ്പൻ സ്കോർ കുറിച്ച ശേഷം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ജയം അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് കുതിപ്പിൽ വലിയ ഊർജമാകും. ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ സെമി പ്രതീക്ഷ നിലനിർത്താൻ വിജയം കൂടിയേ തീരൂ. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനു മേൽ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :