കോലിയുടെ മാനസപുത്രന്‍, ആര്‍സിബി ക്വാട്ട, ചെണ്ട; പരിഹസിച്ചവര്‍ക്ക് സിറാജിന്റെ മറുപടി ഇതാ, ലോക ഒന്നാം നമ്പര്‍ ബൗളര്‍ !

ചെണ്ടയെന്നാണ് സിറാജിനെ തുടക്കത്തില്‍ എല്ലാവരും പരിഹസിച്ചിരുന്നത്

രേണുക വേണു| Last Modified ബുധന്‍, 25 ജനുവരി 2023 (15:42 IST)

ഐസിസി റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലിലൂടെ മികവ് തെളിയിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി ഒടുവില്‍ തന്റെ കരിയറിന് പൂര്‍ണത കൈവരിച്ചിരിക്കുകയാണ് സിറാജ്. ഏതൊരു തുടക്കക്കാരനും കൊതിക്കുന്ന കരിയര്‍ ഗ്രാഫ്. പേര് കേട്ട ബൗളര്‍മാരെ പിന്നിലിക്കി സിറാജിന്റെ മുന്നേറ്റം. ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ പോലും ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചെണ്ടയെന്നാണ് സിറാജിനെ തുടക്കത്തില്‍ എല്ലാവരും പരിഹസിച്ചിരുന്നത്. പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളര്‍ ആയതിനാല്‍ അധികകാലമൊന്നും കരിയര്‍ മുന്നോട്ടു പോകില്ലെന്ന് എല്ലാവരും വിധിയെഴുതി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമാണ് സിറാജ്. വിരാട് കോലിയുടെ മാനസപുത്രന്‍ ആയതുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതെന്നും അന്ന് ഇന്ത്യയുടെ നായകനായിരുന്ന കോലി ആര്‍സിബി ക്വാട്ടയില്‍ നിന്ന് സിറാജിനെ ടീമിലെത്തിച്ചതാണെന്നും ആക്ഷേപം ഉയര്‍ന്നു. അതിനെല്ലാമുള്ള മറുപടിയാണ് സിറാജ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഓരോ കളികള്‍ കഴിയും തോറും സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന ബൗളറെയാണ് സിറാജില്‍ പിന്നീട് കണ്ടത്. പേസും വേരിയേഷനും കൃത്യമാക്കി സാഹചര്യത്തിനനുസരിച്ച് പന്തെറിയുന്ന ബുദ്ധിശാലിയായ ബൗളറായി സിറാജ് അതിവേഗം മാറി. ഒരേസമയം ബൗണ്‍സറുകളും ട്രിക്കി ബോളുകളും സിറാജ് തുടര്‍ച്ചയായി പരീക്ഷിച്ചു.

21 ഏകദിന മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കോണമി നിരക്ക് വെറും 4.62 ! ചെണ്ട ബൗളര്‍ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് സിറാജിന്റെ ബൗളിങ് പ്രകടന കണക്കുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :