ഇൻഡോർ|
സജിത്ത്|
Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (11:18 IST)
ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ
ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പിന്നാലെ അജിങ്ക്യ രഹാനെയും സെഞ്ചുറി നേടിയ മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 351 എന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 145 റൺസോടെയും രഹാനെ 121 റൺസോടെയും ക്രീസിലുണ്ട്. 219 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെയാണ് രഹാനെ സെഞ്ചുറിയിലേക്കെത്തിയത്.
മൂന്നിന് 267 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി കോഹ്‍ലി-രഹാനെ സഖ്യം അനായാസം റൺസ് വാരിക്കൂട്ടി. ന്യൂസീലൻഡിന്റെ സ്പിൻ-പേസ് ബോളർമാരെ നിഷ്പ്രയാസം നേരിട്ട ഇരുവര്‍ക്കും നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീര്‍ക്കാനും സാധിച്ചു. നേരത്തെ 184 പന്തിൽനിന്ന് 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് കോഹ്ലി സെഞ്ചുറി നേടിയത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഗൗതം ഗംഭീറിന് പക്ഷേ അവസരം മുതലാക്കാനായില്ല. 53 പന്തിൽ 29 റൺസെടുത്ത് നിൽക്കെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഗംഭീർ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.
10 റൺസെടുത്ത മുരളി വിജയിയെ ജീതൻ പട്ടേൽ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാര 108 പന്തിൽ 41 റൺസെടുത്ത് ഇന്ത്യയെ കരകയറ്റി. മിച്ചൽ സാന്റ്നറാണ് പൂജാരയെ പുറത്താക്കിയത്.