അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (16:34 IST)
ഏഷ്യാകപ്പും ലോകകപ്പും അടുത്തടുത്ത് വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ഇന്ത്യയുടെ യുവനിരയാണ് അയര്‍ലന്‍ഡ് പര്യടനത്തിന് ഒരുങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പരമ്പരയല്ലെങ്കിലും ക്രിക്കറ്റ് ആരാധകരെല്ലാം പരമ്പരയെ ഉറ്റുനോക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവ് എന്ന രീതിയിലാണ്. നീണ്ട 11 മാസങ്ങള്‍ക്ക് ശേഷമാണ് താരം കളിക്കളത്തില്‍ തിരികെയെത്തുന്നത്.
പരിക്ക് മൂലം ഇതിനിടെ ഐപിഎല്‍ ടൂര്‍ണമെന്റും,
ടി20 ലോകകപ്പും, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമെല്ലാം താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ താരം ടീമില്‍ തിരിച്ചെത്തുമ്പോള്‍ ടി20യില്‍ ഒരു വമ്പന്‍ നാഴികകല്ല് ബുമ്രയെ കാത്തിരിക്കുന്നുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തില്‍ താരം ടീം നായകനായി എത്തുമ്പോള്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ച ആദ്യ പേസറായി ബുമ്ര മാറും. ടി20 ക്രിക്കറ്റില്‍ ഇതുവരെ 10 ക്യാപ്റ്റന്മാരാണ് ഇന്ത്യയ്ക്കുണ്ടായിട്ടുള്ളത്. ഇവരില്‍ 8 പേരും മുന്‍നിര ബാറ്റര്‍മാരായിരുന്നു. ഓള്‍ റൗണ്ടര്‍മാരായ സുരേഷ് റെയ്‌നയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ ടി20യില്‍ നയിച്ചിട്ടുണ്ട്.
വിരേന്ദര്‍ സെവാഗാണ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ നായകന്‍. എന്നാല്‍ 2007ലെ ടി20 ലോകകപ്പ് മുതല്‍ എം എസ് ധോനി ഈ സ്ഥാനം ഏറ്റെടുത്തു. ഇതിനിടെ ധോനിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ,സുരേഷ് റെയ്‌ന എന്നിവരും നായകന്മാരായി. ധോനി ഒഴിഞ്ഞതോടെ വിരാട് കോലിയാണ് ടീം നായകസ്ഥാനം ഏറ്റെടുത്തത്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ,ശിഖര്‍ ധവാന്‍ എന്നിവരും നായകന്മാരായിട്ടുണ്ട്. എന്നാല്‍ കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ രോഹിത് ശര്‍മ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും ടീം നായകന്മാരായി. നിലവില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ജസ്പ്രീത് ബുമ്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്നത്.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ റുതുരാജ് ഗെയ്ക്ക് വാദാണ് ടീമിന്റെ ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.