ഇന്ത്യ - വിന്‍ഡീസ് ടെസ്റ്റ് പരമ്പര: സച്ചിന്‍ മുതല്‍ ധോണിവരെയുള്ള ഇന്ത്യന്‍ നായകന്മാര്‍ക്ക് കഴിയാത്തത് കോഹ്ലിയ്ക്ക് സാധിക്കുമോ ?

ടീം ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ അനില്‍ കുബ്ലെയുടെ ആദ്യ ‘പരീക്ഷ’യാണ് ഈ വിന്‍ഡീസ് പര്യടനം.

newdelhi, india, west indies, test cricket ന്യൂഡല്‍ഹി, ഇന്ത്യ, വിന്‍ഡീസ്, ടെസ്റ്റ് പരമ്പര
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 6 ജൂലൈ 2016 (13:07 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുകയാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടീം ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ അനില്‍ കുബ്ലെയുടെ ആദ്യ ‘പരീക്ഷ’യാണ് ഈ വിന്‍ഡീസ് പര്യടനം. അതുകൊണ്ടുതന്നെ കുബ്ലെ-കോഹ്ലി കൂട്ടുകെട്ടിന്റെ കെമിസ്ട്രി ഏത് വിധത്തിലായിരിക്കും ഇന്ത്യയ്ക്ക് ഗുണം ചെയ്യുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബംഗ്ലാദേശിനേയും ശ്രീലങ്കയേയും അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്കയെ ഇന്ത്യയിലും നേരിട്ടതിന്റെ അനുഭവസമ്പത്താണ് നായകനെന്ന നിലയില്‍ കോഹ്ലിക്കുള്ളത്. ടെസ്റ്റ് നായകനെന്ന നിലയില്‍ കോഹ്ലി നേരിടാന്‍ പോകുന്ന ആദ്യ പ്രബല ടീമാണ് വിന്‍ഡീസ്. നാട്ടില്‍ നേടുന്ന ജയത്തേക്കാള്‍ ഇന്ത്യന്‍ ടീം വിദേശത്ത് വെന്നിക്കൊടി നാട്ടുന്നത് കാണുന്നതാണ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരെയുള്ള പരമ്പര നേട്ടം തന്നെയായിരിക്കും കോഹ്ലി ലക്ഷ്യംവെക്കുന്നത്.

കരീബിയന്‍ നാട്ടില്‍ ഒന്നില്‍ കുടുതല്‍ ജയം ഒരു ഇന്ത്യന്‍ ടീമിനും ഇതുവരേയും നേടാന്‍ സാധിച്ചിട്ടില്ലെന്ന മോശപ്പേര് മാറ്റാനായിരിക്കും കോഹ്ലിയും കൂട്ടരും ശ്രമിക്കുക. വിന്‍ഡീസില്‍ ഈ ചരിത്രം തിരുത്താന്‍ സാധിച്ചാല്‍ കോഹ്ലിയ്ക്ക് അതു മറ്റൊരു പൊന്‍തൂവലാകും. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ കുറച്ചുകാലമായി വിന്‍ഡീസിന്റ പ്രകടനം അത്ര മികച്ചതല്ലയെന്നതും ടീം ഇന്ത്യക്ക് പ്രതീക്ഷയേകുന്ന പ്രധാന കാര്യമാണ്.

1952 മുതല്‍ വിന്‍ഡീസ് പര്യടനം നടത്തിയ ഒരു ഇന്ത്യന്‍ ടീമിന് ഒന്നില്‍ കൂടുതല്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ചരിത്രം. 1996ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ടീമിനും വിന്‍ഡീസില്‍ ഒരു ജയമേ സ്വന്തമാക്കാന്‍ സാധിച്ചുള്ളൂ. അതേസമയം, 2002ല്‍ ഗാംഗുലിയുടെ നായകത്വത്തില്‍ വിന്‍ഡീസ് പര്യടനത്തിന് പോയ ഇന്ത്യന്‍ ടീം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1ന് തോല്‍ക്കുകയും ചെയ്തു. 2006ല്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ടീമും
2011ല്‍ ധോണി നയിച്ച ടീമും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന് നേടിയാണ് മടങ്ങിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :