രേണുക വേണു|
Last Modified ബുധന്‍, 10 നവംബര്‍ 2021 (16:18 IST)
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കായി 16 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടും ഇന്ത്യന്‍ ക്യാംപില്‍ തലവേദന ഒഴിയുന്നില്ല. വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങളെ ഒഴിവാക്കി പുത്തന്‍ പരീക്ഷണത്തിനാണ് ഇന്ത്യ ഒരുങ്ങിയിരിക്കുന്നത്. യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനപ്രകാരമാണിത്. എന്നാല്‍, പുതിയ ടീം പ്രഖ്യാപിച്ചിട്ടും ഇന്ത്യന്‍ സ്‌ക്വാഡില്‍ സംശയങ്ങള്‍ നിരവധി.
മൂന്ന് കളികളാണ് ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയിലുള്ളത്. രോഹിത് ശര്‍മ ക്യാപ്റ്റനും കെ.എല്‍.രാഹുല്‍ ഉപനായകനും ആണ്. അതുകൊണ്ട് തന്നെ ഇരുവരും മൂന്ന് കളികളിലും ഇറങ്ങേണ്ടിവരും. ഇരുവരും ഓപ്പണര്‍മാര്‍ കൂടിയാണ്. ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുള്ള വെങ്കടേഷ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരും ഓപ്പണര്‍മാരായി മികവ് തെളിയിച്ചവരാണ്. രോഹിത്തും രാഹുലും ഓപ്പണര്‍മാരായി തുടരുകയാണെങ്കില്‍ ഇവരെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം?
ഐപിഎല്ലില്‍ ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട് പ്രകടനം നടത്തിയവരാണ് ഈ മൂന്ന് യുവതാരങ്ങളും. ഇവരെ മധ്യനിരയിലേക്ക് ഇറക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്ക ഇന്ത്യന്‍ ക്യാംപിനുണ്ട്.