സഞ്ജുവിന് തിരിച്ചടി; ശ്രീലങ്കയില്‍ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷന്‍ പരിഗണനയില്‍

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂലൈ 2021 (16:42 IST)

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ പുറത്തിരിക്കാന്‍ സാധ്യത. ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീം ഇന്ത്യ പരിഗണിക്കുന്നത് ഇഷാന്‍ കിഷനെയാണ്. സഞ്ജുവിനേക്കാള്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ ഇഷാന്‍ കിഷന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ മത്സരങ്ങളില്‍ ഇഷാന്‍ കിഷന് നറുക്കുവീണിരിക്കുന്നത്. ആദ്യ മത്സരങ്ങളില്‍ ഇഷാന്‍ പരാജയപ്പെട്ടാല്‍ സഞ്ജുവിന് അവസരം ലഭിക്കും. സഞ്ജുവിനേക്കാള്‍ ഇഷാന്‍ കിഷനായിരിക്കും ഭേദപ്പെട്ട പ്രകടനം നടത്തുകയെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഏകദിനത്തില്‍ സഞ്ജുവിനെയും ടി 20 യില്‍ ഇഷാന്‍ കിഷനെയും പരീക്ഷിക്കണമെന്ന അഭിപ്രായവും ടീം സെലക്ടേഴ്‌സിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ജൂലൈ 18 നാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. ജൂലൈ 18 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആദ്യ ഏകദിനം ആരംഭിക്കുക. ജൂലൈ 20 ന് രണ്ടാം ഏകദിനം. ജൂലൈ 23 നാണ് അവസാനത്തെയും മൂന്നാമത്തെയും ഏകദിനം.

ജൂലൈ 25 നാണ് ടി 20 പോരാട്ടങ്ങള്‍ക്ക് ആരംഭമാകുക. രാത്രി എട്ടിനാണ് ടി 20 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂലൈ 27 ന് രണ്ടാം ടി 20 യും ജൂലൈ 29 ന് മൂന്നാം ടി 20 യും നടക്കും. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :