അഭിറാം മനോഹർ|
Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (18:03 IST)
2023ലെ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വി ഒരു ഇന്ത്യന്‍ ആരാധകനും മറന്നിരിക്കാന്‍ ഇടയില്ല.ടൂര്‍ണമെന്റില്‍ 10 മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച ആതിഥേയര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 6 വിക്കറ്റിനാണ് പരാജയപ്പെട്ടത്. അഹമ്മദാബാദിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം റണ്‍സെടുക്കാന്‍ പാടുപ്പെട്ടപ്പോള്‍ അനായാസകരമായാണ് ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തിയത്. ഇതിന് പിന്നാലെ ഫൈനല്‍ മത്സരത്തിലെ പിച്ചിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.
പിച്ചിലെ സാഹചര്യം മുതലാക്കികൊണ്ട് ലോകകപ്പ് സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നും എന്നാല്‍ ടോസ് കൈവിട്ടതോടെ പിച്ചിന്റെ ആനുകൂല്യം മുഴുവനായും ഓസ്‌ട്രേലിയക്കാണ് ലഭിച്ചതെന്നുമായിരുന്നു അന്ന് നേരിട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. ലോകകപ്പ് ഫൈനലിനുള്ള വേഗത കുറഞ്ഞ പിച്ച് തീരുമാനിച്ചതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് വലിയ പങ്കുണ്ടെന്നാണ് കൈഫ് വ്യക്തമാക്കുന്നത്.
ഫൈനലിന് മൂന്ന് ദിവസം മുന്‍പ് ഞാന്‍ മത്സരവേദിയായ അഹമ്മദാബാദില്‍ ഉണ്ടായിരുന്നു. ഫൈനലിന് മുന്‍പുള്ള ഓരോ ദിവസവും ദ്രാവിഡും രോഹിത്തും ദിവസവും ഒരു മണിക്കൂറെങ്കിലും നേരം പിച്ചിന് സമീപത്ത് നില്‍ക്കുമായിരുന്നു. പിച്ചിന്റെ നിറം മാറികൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടതാണ്. പിച്ച് ഒട്ടും തന്നെ നനച്ചിരുന്നില്ല. ട്രാക്കില്‍ പുല്ലും ഇല്ലായ്‌രുന്നു. ഓസ്‌ട്രേലിയയ്ക്ക് സ്ലോ ട്രാക്ക് നല്‍കാനാണ് ഇന്ത്യ ശ്രമിച്ചത്. ആളുകള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം. കൈഫ് പറഞ്ഞു.