ഏത് ബുമ്ര? അവനൊക്കെ എന്ത് ചെയ്യാനാണെന്ന് കോലി, ആർസിബി ബുമ്രയെ മൈൻഡാക്കിയില്ല, ഇന്ന് ഏത് ക്യാപ്റ്റനും കൊതിക്കുന്ന ബൗളർ

Bumrah, siraj award ceremony,india vs sa,Test series
Bumrah and Siraj
അഭിറാം മനോഹർ| Last Modified ശനി, 16 മാര്‍ച്ച് 2024 (11:31 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി താരങ്ങളെ സംഭാവന ചെയ്ത ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇന്ത്യന്‍ ടീമിലെ സുപ്രധാന താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തുടങ്ങി യശ്വസി ജയ്‌സ്വാളും റിങ്കു സിംഗും വരെ അതെത്തി നില്‍ക്കുന്നു. ഫ്രാഞ്ചൈസികള്‍ക്കായും പിന്നീട് ദേശീയ ടീമിനായും മികച്ച പ്രകടനങ്ങള്‍ പിന്നീട് നടത്തിയെങ്കിലും പല താരങ്ങള്‍ക്കും മികച്ച തുടക്കമായിരുന്നില്ല ഐപിഎല്ലില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇവരിലെ പ്രതിഭ മനസിലാക്കി ഫ്രാഞ്ചൈസികള്‍ നല്‍കിയ പിന്തുണയാണ് അവരെ വലിയ താരങ്ങളാക്കി.

ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്രയെ പറ്റി 2013ല്‍ തന്നെ താന്‍ പറഞ്ഞിരുന്നെങ്കിലും ബുമ്രയെ മുന്‍ ഇന്ത്യന്‍ നായകനായ കോലി വലിയ കാര്യമാക്കിയില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരമായ പാര്‍ഥീവ് പട്ടേല്‍ പറയുന്നു. 2013ലെ ഐപിഎല്‍ സീസണിലാണ് ബുമ്ര ആദ്യമായി ഐപിഎല്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനായി ആദ്യ സീസണില്‍ കാര്യമായ പ്രകടനമൊന്നും കാഴ്ചവെയ്ക്കാന്‍ ബുമ്രയ്ക്കായിരുന്നില്ല. 2014 സമയത്ത് ആര്‍സിബിയില്‍ കോലിയുടെ സഹതാരവും ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിന്റെ നായകനുമായിരുന്നു പാര്‍ഥീവ് പട്ടേല്‍.

ഗുജറാത്തിനായി മികച്ച പ്രകടനം നടത്തുന്ന താരമുണ്ട്. ബുമ്രയെന്നാണ് അവന്റെ പേര് ഭാവിയില്‍ അവന്‍ വലിയ പേരുണ്ടാക്കുമെന്ന് പാര്‍ഥീവ് പട്ടേല്‍ കോലിയോട് പറയുകയായിരുന്നു. എന്നാല്‍ എന്ത് ബുമ്ര, വുമ്ര അവനൊക്കെ എന്താക്കാനാണ് എന്നായിരുന്നു കോലിയുടെ മറുപടിയെന്ന് പാര്‍ഥീവ് പറയുന്നു. 2013ലും 2014ലും ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബുമ്രയാരാണെന്ന് ലോകം അറിഞ്ഞത് 2016ലെ ഐപിഎല്‍ സീസണിലായിരുന്നു. മുംബൈ ഇന്ത്യന്‍സിനായി 14 മാച്ചില്‍ 15 വിക്കറ്റുകളാണ് ആ സീസണില്‍ ബുമ്ര നേടിയത്. അതിന് പിന്നാലെ തന്നെ ഇന്ത്യയുടെ മുഖ്യ പേസറായും ബുമ്ര മാറി.

അന്ന് 2014ല്‍ മുംബൈ താരത്തെ പുറത്തുവിടാന്‍ ഒരുങ്ങിയിരുന്ന കാലത്ത് കോലി താത്പര്യം കാണിച്ചിരൂന്നെങ്കില്‍ താരം ആര്‍സിബിയില്‍ എത്തുമായിരുന്നെന്ന് പാര്‍ഥീവ് പറയുന്നു. ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ഥീവ് പട്ടേല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :