അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (18:48 IST)
ഏകദിന ക്രിക്കറ്റിൽ എക്കാലത്തും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോഴും ലോകകപ്പ് പോലുള്ള വമ്പൻ ടൂർണമെന്റുകളിൽ കാലിടറുന്നത് പതിവാക്കിയ ടീമാണ് ഇന്ത്യ. ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ടീം രൂപികരണം നടക്കാത്തതാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.ലോകകപ്പിന് അധിക സമയം ഇല്ലാത്ത സാഹചര്യത്തിൽ
സ്പിൻ ബൗളിങ്ങിൽ ടീമിന്റെ പ്രകടനം വലിയ ആശങ്കയാണ് ഇന്ത്യക്ക് നൽകുന്നത്.
മദ്ധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് സ്പിന്നർമാരുടെ റോൾ എങ്കിൽ മത്സരങ്ങളിൽ തല്ല് വാങ്ങുന്നത് ഇന്ത്യൻ സ്പിന്നർമാർ പതിവാക്കിയിരിക്കുകയാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ടീമിലെ പ്രധാന സ്പിന്നർമാരായ കുൽദീപ്,ചഹൽ സഖ്യം 2019ന് ശേഷം അത്ര നല്ല പ്രകടനമല്ല കാഴ്‌ച്ചവെക്കുന്നത്.
2019 ലോകകപ്പിന് ശേഷം 12 ഏകദിനങ്ങൾ കളിച്ച കുൽദീപിന് 58.41 ശരാശരിയിൽ 12 വിക്കറ്റുകൾ മാത്രമാണ് വീഴ്‌ത്താനായത്.ലോകകപ്പിന് മുൻപ് 23.96 ആയിരുന്നു ഏകദിനത്തിൽ കുൽദീപിന്റെ ബൗളിങ് ശരാശരി. അതേസമയം വിക്കറ്റ് വീഴ്‌ത്താൻ കഴിയുന്നെങ്കിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ ചാഹലും പരാജയപ്പെടുന്ന കാഴ്‌ച്ചയാണ് സമീപത്തിൽ കാണാനായത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്ഥിരതയുള്ള സ്പിൻ വിഭാഗം ഇല്ലെങ്കിൽ അത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ തന്നെ ഇല്ലാതാക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.