ഈ പ്രകടനങ്ങൾ കൊണ്ട് എങ്ങും എത്തില്ല, ഇഷാനും സൂര്യയും കിതയ്ക്കുമ്പോൾ അത് മുതലെടുക്കാൻ സഞ്ജുവിനാകണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (11:09 IST)
ഐപിഎല്ലിൽ മിന്നുന്ന പ്രകടനങ്ങൾ പലകുറി നടത്താൻ സാധിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മലയാളി താരം ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകുന്നില്ല എന്ന ചോദ്യത്തിന് സഞ്ജുവിൻ്റെ സ്ഥിരതയാണ് കാരണമായി ഇന്ത്യൻ സെലക്ടർമാർ ഉന്നയിക്കാറുള്ളത്. മികച്ച പ്രതിഭയാണ് സഞ്ജു എന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും പക്ഷേ സ്ഥിരതയില്ലായ്മ സഞ്ജുവിൻ്റെ വലിയ പ്രശ്നമാണെന്നും സഞ്ജു വിമർശകർ പറയുന്നു.

ഏകദിന ലോകകപ്പ് കൂടി നടക്കുന്ന ഈ വർഷം നടക്കുന്ന ടൂർണമെൻ്റ് അതിനാൽ തന്നെ തൻ്റെ വിമർശകരുടെ വായടപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിന് നൽകിയത്. എന്നാൽ പതിവ് പോലെ ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ചെറിയ സ്കോറിന് പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണ് സഞ്ജു. ഇതോടെ സഞ്ജുവിനെതിരെയുള്ള വിമർശനങ്ങളും ശക്തമായിരിക്കുകയാണ്. ഇഷാൻ കിഷനും സൂര്യകുമാർ യാദവുമെല്ലാം നിറം മങ്ങിയ സാഹചര്യത്തിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് ആ അവസരം സഞ്ജു മുതലെടുക്കണമെന്ന് ആരാധകർ പറയുന്നു.

എന്നാൽ ഈ ആരാധകരെയെല്ലാം നിരാശപ്പെടുത്തുകയാണ് സഞ്ജു സാംസൺ. ഈ സീസണിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 9 മത്സരങ്ങൾ കഴിയുമ്പോൾ 212 റൺസ് മാത്രമാണ് സഞ്ജുവിൻ്റെ അക്കൗണ്ടിലുള്ളത്. ക്രീസിൽ നിലയുറപ്പിച്ച് ടീമിൻ്റെ സ്കോർ ഉയർത്തുന്നതിലും സഞ്ജു പരാജയപ്പെടുമ്പോൾ കിട്ടുന്ന അവസരങ്ങൾ സഞ്ജു തട്ടി തെറിപ്പിക്കുകയാണെന്ന് ആരാധകരും പറയുന്നു. അവസരങ്ങൾ എല്ലാ കാലവും മുന്നിലെത്തില്ലെന്നും അത് ലഭിക്കുമ്പോൾ മുതലെടുക്കാൻ സഞ്ജു ശ്രമിക്കണമെന്നും ആരാധകർ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :