രേണുക വേണു|
Last Modified വെള്ളി, 11 നവംബര്‍ 2022 (08:50 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഈ ടൂര്‍ണമെന്റില്‍ രോഹിത് പൂര്‍ണ പരാജയമായിരുന്നെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. രോഹിത് നായകസ്ഥാനം ഒഴിയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, രോഹിത്തിനോട് നായകസ്ഥാനം ഒഴിയാന്‍ ബിസിസിഐ നേരിട്ട് ആവശ്യപ്പെടില്ല. മറിച്ച് ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്ന കാര്യം രോഹിത്തിന് സ്വയം തീരുമാനിക്കാം. ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ രോഹിത് സന്നദ്ധത അറിയിച്ചാല്‍ ബിസിസിഐ അത് അംഗീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2024 ട്വന്റി 20 ലോകകപ്പിന് വേണ്ടി യുവ ടീമിനെ സജ്ജമാക്കുകയാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ടി 20 നായകനാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ബിസിസിഐ നേതൃത്വത്തിനിടയിലും ഈ അഭിപ്രായമുള്ളവര്‍ ഉണ്ട്. നായകനായ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ജേതാക്കളാക്കിയ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ മികവാണ് ഇന്ത്യന്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ പരിഗണിക്കാന്‍ കാരണം.
ഈ വര്‍ഷം നടന്ന അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 പരമ്പരയിലും ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കാണ്. രണ്ട് പരമ്പരയിലും മികച്ച റെക്കോര്‍ഡാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കുള്ളത്. ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടി 20 പരമ്പരയിലും ഇന്ത്യയെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യയാണ്. ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്ക് ശേഷം ഹാര്‍ദിക്കിനെ ഇന്ത്യയുടെ ഫുള്‍ ടൈം ടി 20 ക്യാപ്റ്റനാക്കുമെന്നാണ് വിവരം.