അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (16:44 IST)
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും മടങ്ങിയതോടെ പാക് പരാജയം ഉറപ്പാക്കിയതാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ മത്സരം ഒറ്റയ്ക്ക് തിരിച്ചുപിടിക്കാൻ ഉറപ്പിച്ച ഓപ്പണർ ഫഖർ സമാനെയാണ് മത്സരത്തിൽ കാണാനായത്. വിജയത്തിന് 17 റൺസ് അകലെ വീണുപോയെങ്കിലും ഒരുപിടി റെക്കോർഡുകളുമായാണ് ഫഖറിന്റെ മടക്കം.
മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിൽ അവസാന ഓവറിലെ ആദ്യ ബോളിൽ അവസാനിച്ച ഫഖറിന്റെ ഇന്നിങ്സിന് ഒരു ഘട്ടത്തിലും മറ്റ് ടീമംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ല. 155 പന്തില്‍ 18 ഫോറിന്റേയും 10 സിക്‌സിന്റേയും സഹായത്തോടെ 193 റൺസാണ് മത്സരത്തിൽ ഫഖർ നേടിയത്. വിജത്തിലേക്ക് നയിക്കാനായില്ലെങ്കിലും ഏകദിനത്തിൽ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഫഖറിനായി.
ഓസീസ് മുൻതാരം ഷെയ്ൻ വാട്സണിന്റെ 185 റൺസ് പ്രകടനത്തെയാണ് ഫഖർ മറികടന്നത്. രണ്ടാം ഇന്നിങ്സിൽ 183 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയേയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയേയും മറികടക്കാനും ഫഖറിനായി