ഇംഗ്ലീഷ് ‘കോഹ്‌ലി’യുടെ ആക്രമണത്തില്‍ നടുവൊടിഞ്ഞ് ഇന്ത്യ; റൂട്ടിന് മുന്നില്‍ അശ്വിന്‍ ഒന്നുമല്ല

റൂട്ട് അടിക്കുമെന്ന് പറഞ്ഞപ്പോള്‍ കോഹ്‌ലി ഇത്രയും കരുതിയില്ല; ഇംഗ്ലണ്ട് ശക്തമായ നിലയില്‍

  India v England at Rajkot , Moeen Ali congratulates Joe Root , england team , virat kohli , r ashwin , ബെൻ സ്റ്റോക്‍സ് , അശ്വിൻ , ജഡേജ, ഉമേഷ് യാദവ് , ജോ റൂട്ട് , കോഹ്‌ലി
രാജ്കോട്ട്| jibin| Last Updated: ബുധന്‍, 9 നവം‌ബര്‍ 2016 (18:14 IST)
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്താകാതെ നിൽക്കുന്ന മോയിൻ അലിയും ബെൻ സ്റ്റോക്‍സുമാണ് (19*)
ക്രീസിൽ.

നേരത്തെ നേരിയ തകര്‍ച്ചയ്‌ക്ക് ശേഷം ഇംഗ്ലീഷ് ടീമിലെ കോഹ്‌ലി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോ റൂട്ടിന്റെ (124) സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ദിനം വരുതിയിലാക്കിയത്. 180 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്‍സും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്കായി രണ്ടും ജഡേജ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 192 പന്ത് നേരിട്ട മോയിൻ അലി, ഒൻപത് ബൗണ്ടറികൾ ഉൾപ്പെടെയാണ് 99 റൺസെടുത്തത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ അലിസ്‌റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ കുക്കും (21) ഹസീബ് ഹമീദും (31) ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. സ്‌കോര്‍ 47ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഇംഗ്ലീഷ് നായകന്‍ പുറത്തായത്. സ്‌കോര്‍ബോര്‍ഡില്‍ 76 റണ്‍സ് എത്തിയപ്പോള്‍ ഹമീദ് അശ്വിന് വിക്കറ്റ് സമ്മാനിച്ച് പുറത്താകുകയുമായിരുന്നു.

നാലാമനായി ക്രീസില്‍ എത്തിയ ബെൻ ഡക്കറ്റും (13) അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ചു പുറത്താകുകയായിരുന്നു. തുടര്‍ന്നായിരുന്നു സന്ദര്‍ശകരെ രക്ഷിച്ച കൂട്ടുക്കെട്ട് രാജ്‌കോട്ടിലെ ഗ്രൌണ്ടില്‍ പിറന്നത്. മോയിന്‍ അലി റൂട്ടിന് അകമഴിഞ്ഞ പിന്തുണ നല്‍കിയതോടെ ഇംഗ്ലീഷ് സ്‌കോര്‍ മികച്ച രീതിയില്‍ ചലിക്കാന്‍ തുടങ്ങുകയായിരുന്നു. റൂട്ട് പുറത്തായതിന് ശേഷം സ്‌റ്റോക്‍സ് എത്തിയെങ്കിലും ഇന്ത്യയുടെ സ്‌പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിടുകയായിരുന്നു.

സെഞ്ചുറി പൂർത്തിയാക്കാൻ മോയിൻ അലിക്ക് ഒരു റൺ മാത്രം വേണ്ടപ്പോഴാണ് ഒന്നാം ദിനത്തെ കളി അവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :